
ഐ.പി.എൽ 13-ാം സീസണിൽസണിൽ
റൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം . ഡൽഹി ക്യാപ്പിറ്റൽസിനെ 15 റൺസിനാണ് ഹൈദരാബാദ് തോൽപ്പിച്ചത്. ഈ സീസണിലെ ഡൽഹിയുടെ ആദ്യ തോൽവിയാണിത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ബൗളർമാരുടെ മികവിലാണ് ഹൈദരാബാദിൻ്റെ ജയം. നാല് ഓവറിൽ വെറും 14 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാനാണ് കളി ഹൈദരാബാദിന് അനുകൂലമാക്കിയത്. ഭുവനേശ്വർ കുമാർ, നടരാജൻ തുടങ്ങിയവരും മികവ് പുലർത്തി.
163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റു. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ പൃഥ്വി ഷാ 2 റൺസെടുത്ത് പുറത്തായി.പിന്നീട് ധവാനും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേർന്ന് സ്കോർ 42-ൽ എത്തിച്ചു. എട്ടാം ഓവർ എറിയാനെത്തിയ റഷീദ് ഖാൻ രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ മടക്കി കൂട്ടുകെട്ട് പൊളിച്ചു. 21 പന്തിൽ 17 റൺസ് മാത്രമെടുത്താണ് ക്യാപ്റ്റൻ മടക്കിയത്.
12-ാം ഓവറിൽ ധവാനെ മടക്കി റഷീദ് വീണ്ടും ഡൽഹിയെ പ്രതിരോധത്തിലാക്കി. 12 പന്തിൽ 21 റൺസടിച്ച ഷിംറോൺ ഹെറ്റ്മയർ 16-ാം ഓവറിൽ പുറത്തായി. തൊട്ടടുത്ത ഓവറിൽ ഋഷഭ് പന്തിനെയും റഷീദ് മടക്കി. 27 പന്തിൽ നിന്ന് 28 റൺസായിരുന്നു പന്തിൻ്റെ സംഭാവന.
അവസാന പ്രതീക്ഷയായിരുന്ന മാർക്കസ് സ്റ്റോയ്നിസിനെ 18-ാം ഓവറിൽ നടരാജൻ മടക്കിയതോടെ ഡൽഹി തോൽവി ഉറപ്പിച്ചു. ഒമ്പത് പന്തിൽ 11 റൺസെടുത്താണ് സ്റ്റോയ്നിസ് പുറത്തായത്. കഗിസോ റബാദ 15 റൺസോടെ പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടു
ത്തത്.ജോണി ബെയർസ്റ്റോ (53), ഡേവിഡ് വാർണർ (45), കെയ്ൻ വില്യംസൺ (41) എന്നിവരുടെ ഇന്നിങ്സുകളാണ് ഹൈദരാബാദിന് മാന്യമായ സ്കോർ സമ്മാനിച്ചത്.
പതിഞ്ഞ തുടക്കമായിരുന്നു ഹൈദരാബാദിന്റേത്. ക്യാപ്റ്റൻ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും ചേർന്ന ഓപ്പണിങ് സഖ്യം 9.3 ഓവറിൽ 77 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്. 33 പന്തിൽ നിന്ന് രണ്ടു സിക്സും മൂന്നു ഫോറുമടക്കം 45 റൺസെടുത്ത വാർണറെ പുറത്താക്കി അമിത് മിശ്രയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
തുടർന്ന് വന്ന മനീഷ് പാണ്ഡെയ്ക്ക് കഴിഞ്ഞ മത്സരങ്ങളിലെ മികവ് തുടരാനായില്ല. അഞ്ചു പന്തിൽ നിന്ന് മൂന്നു റൺസെടുത്ത പാണ്ഡെയെയും മിശ്ര തന്നെ മടക്കി.തുടർന്ന് വില്യംസണുമായി ചേർന്ന് ബെയർസ്റ്റോ സ്കോർ 144 വരെയെത്തിച്ചു. 48 പന്തിൽ ഒരു സിക്സും രണ്ടു ഫോറും മാത്രമടങ്ങിയ ഇന്നിങ്സായിരുന്നു ബെയർസ്റ്റോയുടേത്. 53 റൺസായിരുന്നു താരത്തിൻ്റെ സംഭാവന. പിന്നീട് 24 പന്തിൽ നിന്ന് 41 റൺസെടുത്ത വില്യംസനാണ് ഡൽഹി സ്കോർ 150 കടത്തിയത്.അരങ്ങേറ്റ മത്സരം കളിച്ച അബ്ദുൽ സമദ് ഏഴു പന്തിൽ ഓരോ ഫോറും സിക്സും സഹിതം 12 റൺസുമായി പുറത്താകാതെ നിന്നു.
മുൻ മത്സരങ്ങളിലെ പോലെ തന്നെ മികച്ച ബൗളിങ് പ്രകടനമാണ് ഡൽഹി കാഴ്ചവെച്ചത്. നാല് ഓവർ എറിഞ്ഞ റബാദ 21 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അമിത് മിശ്രയും രണ്ടു വിക്കറ്റെടുത്തു.ബുധനാഴ്ച്ച രാജസ്ഥാൻ റോയൽസ് കൊൽക്കത്തയെ നേരിടും