റംസിയുടെ ആത്മഹത്യ: ക്രൈംബ്രാഞ്ച് അന്വേഷണം വഴിത്തിരിവിലേക്ക്

പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിന്റെ പേരിൽ ആത്മഹത്യ ചെയ്ത കൊട്ടിയത്ത് സ്വദേശിനി റംസിയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം പുത്തൻ വഴിത്തിരിവിലേക്ക്. റംസിയുടെ കുടുംബാംഗങ്ങളിൽ നിന്ന് ശേഖരിച്ച മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കേസിൽ ആരോപണ വിധേയയായ സീരിയൽ നടിയും പ്രതിശ്രുതവരന്റെ മാതാവുമുൾപ്പെടെ കൂടുതൽ പേർ പ്രതികളാകുമെന്നാണ് സൂചന. പ്രതിശ്രുത വരൻ ഹാരി സിൻ്റെ ജേഷ്ഠൻ്റെ ഭാര്യയും കേസിലെ പ്രധാന പ്രതികളി ലൊരാളുമായ സീരിയൽ നടിയുടെ ഇടക്കാല മുൻകൂർജാമ്യത്തിന്റെ സമയപരിധി നാളെ അവസാനിക്കും. ഇതിന് ശേഷം നടിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതോടെ കേസിൽ നിർണ്ണായക വഴിത്തിരിവുകൾ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം കണക്ക് കൂട്ടുന്നത്.
ഹാരിസുമായുള്ള ശേഷം റംസിയുമായി കൂടുതൽ അടുത്ത ജ്യേഷ്ഠന്റെ ഭാര്യയായ സീരിയൽ നടി ഷൂട്ടിംഗ് ലൊക്കേഷനുകളിൽ റംസിയെ കൂട്ടിക്കൊണ്ടുപോയതിൽ ദുരൂഹതയുള്ളതായ റംസിയുടെ വീട്ടുകാരുടെ ആരോപണത്തിൽ വ്യക്തത വരുത്താനാണ് നടിയെ ചോദ്യം ചെയ്യുന്നത്. ലൊക്കേഷനിൽ കുഞ്ഞിനെ നോക്കാനും സഹായത്തിനുമാണ് റംസിയെ കൂടെക്കൂട്ടിയതെന്നായിരുന്നു ലോക്കൽ പൊലീസിന് നടി നൽകിയ മൊഴി. വീട്ടിൽ തനിച്ച് ബോറടിക്കുന്നുവെന്നുംലൊക്കേഷനുകളിൽ വരണമെന്ന റംസിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ലൊക്കേഷനുകളിൽ റംസിയെ കൊണ്ടുപോയത്.ഗർഭിണിയായതും ഹാരിസ് വിവാഹത്തിന് വിസമ്മതിക്കുകയും ചെയ്ത വിവരം റംസി വെളിപ്പെടുത്തിയിരുന്നു. ഹാരിസും റംസിയും പരസ്പര സമ്മതത്തോടെ ഗർഭച്ഛിദ്രം നടത്തിയതാകാമെന്നും തനിക്ക് ബന്ധമില്ലെന്നുമാണ് നടി ചോദ്യം ചെയ്യലിൽ പൊലീസിനോട് വ്യക്തമാക്കി
യത്.

എന്നാൽ നടിക്ക് ഗർഭച്ഛിദ്രവുമായി ബന്ധമുണ്ടെന്നാണ് റംസിയുടെ വീട്ടുകാരുടെ ആരോപണം.ബംഗളുരുവിലെ ഒരു ആശുപത്രിയിലാണ് ഗർഭച്ഛിദ്രം നടത്തിയത്. അതിനുശേഷം ഏതാനും ദിവസം അവിടെ താമസിക്കുകയും ഉല്ലസിക്കുകയും ചെയ്തശേഷമാണ് തിരിച്ചെത്തിയത്. ഗർഭച്ഛിദ്രം കുറ്റകരമാണെന്നിരിക്കെ റംസിയെ അതിന് വിധേയയാക്കിയ സാഹചര്യമുൾപ്പെടെയുള്ള കാര്യങ്ങൾ ബംഗളുരുവിലെ ഡോക്ടറെ കണ്ടാലേ അറിയൂ. ആരുടെയെങ്കിലും സമ്മർദ്ദത്തിന് വിധേയമായിട്ടാണോ ചെയ്തതെന്നും വ്യക്തമാകണം. ബംഗളൂരുവിൽ ഗർഭച്ഛിദ്രത്തിന് സീരിയൽ രംഗത്തെ ആരുടെയെങ്കിലും സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. ഷൂട്ടിംഗിന്റെ പേരിൽ ദിവസങ്ങളോളം റംസിയെ കൂട്ടിക്കൊണ്ടുപോയതെവിടെയായിരുന്നുവെന്ന് കണ്ടെത്താൻ റംസിയുടെയും സീരിയൽ നടിയുടെയും മൊബൈൽ കോൾ വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ടവർ ലൊക്കേഷനുകളും പരിശോധിക്കപ്പെടും. കൂടുതൽ അന്വേ
ഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിലേക്ക് പോകും. .
ഒപ്പം ഗർഭച്ഛിദ്രത്തിന് ഹാരിസ് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ചതായി കണ്ടെത്തിയതോടെ സംഭവത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കരുതുന്നത്. റംസിയുടെ പിതാവ് റഹിം പാസ് പോർട്ട് എടുക്കുന്നതിനായി 2010ൽ കൊല്ലൂർ വിള ജുമാമസ്ജിദിൽ നിന്ന് വാങ്ങിയ വിവാഹ സർട്ടിഫിക്കറ്റിൽ ഹാരിസ് ആൾമാറാട്ടം നടത്തുകയായിരുന്നു. റംസിയുടെ വീട്ടിൽ വന്നുപോകാറുണ്ടായിരുന്ന ഹാരിസ് സർട്ടിഫിക്കറ്റ് കൈക്കലാക്കി തന്റെയും റംസിയുടെയും പേരിൽ ദമ്പതികളാണെന്ന് തെളിയിക്കുന്ന വ്യാജ സർട്ടിഫിക്കറ്റ് ചമയ്ക്കുകയായിരുന്നു. ഈ സർട്ടിഫിക്കറ്റാണ് ഹാരിസ് ആശുപത്രിയിൽ ഹാജരാക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. വ്യാജരേഖ ചമയ്ക്കലിനും ഇത് പ്രകാരം ഹാരിസിനെതിരെ കേസെടുത്തിട്ടുണ്ട്. റംസിയെ ഗർഭച്ഛിദ്രത്തിന് കൊണ്ടുപോകും മുമ്പേ വ്യാജവിവാഹ സർട്ടിഫിക്കറ്റ് ചമച്ചിരുന്നതിനാൽ സംഭവത്തിൽ മറ്റാരുടെയോ ഉപദേശം ഹാരിസിന് ലഭിച്ചിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇത് ആരുടെതെന്ന് കണ്ടെത്തിയാൽ സംഭവങ്ങളുടെ ആസൂത്രണം കൂടുതൽ വ്യക്തമാകും
കേസിൽ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത ഹാരിസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയെ സമീപിച്ചെങ്കിലും ലോക്കൽ പൊലീസ് ഹാരിസിനെ കസ്റ്റഡിയിൽ വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി ഈ ആവശ്യം കോടതി തള്ളി. പൊലീസ് സംഘത്തിലെ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ നിരീക്ഷണത്തിലായ ഹാരിസിൽ നിന്ന് തെളിവെടുക്കാൻ കഴിഞ്ഞില്ല. കസ്റ്റഡിയിൽ വിട്ടുകിട്ടിയില്ലെങ്കിലും ഹാരിസിനെതിരായ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച് സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. ഒപ്പം ഹാരിസിന്റെ അമ്മയെയും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിൽ റംസിയുടെ മരണത്തിൽ ഇവർക്കുള്ള പങ്ക് വ്യക്തമായാൽ ഇരുവരെയും ക്രൈംബ്രാഞ്ച് കേസിൽ പ്രതിചേർക്കും. മരിക്കും മുമ്പ് റംസിയും ഹാരിസിന്റെ മാതാവുമായുള്ള ഫോൺ സംഭാഷണംഇവർക്കെ
തിരെയുള്ള നിർണായക തെളിവാകും.
കഴിഞ്ഞമാസം മൂന്നിനായിരുന്നു റംസിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഹാരിസുമായി 8 വർഷമായി പ്രണയത്തിലായിരുന്നു റംസി.പ്രണയ ബന്ധം ഇരുവീട്ടുകാരും അറിയുകയും പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം നീട്ടിവയ്ക്കുകയുമായിരുന്നു. ഹാരിസിന് ജോലി ലഭിക്കുന്ന മുറയ്ക്ക് വിവാഹം നടത്താമെന്ന ധാരണയിലായിരുന്നു ഇരുകുടുംബവും. ഒന്നര വർഷം മുമ്പ് ധാരണപ്രകാരം വിവാഹ നിശ്ചയവും നടത്തി. ഇതിനിടെ റംസിയുടെ ഇളയ സഹോദരിയുടെ വിവാഹം നടന്നു. എന്നാൽ പിന്നീട് ഹാരീസിന് മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ ഒഴിവാക്കുകയായിരുന്നെന്നാണ് റംസിയുടെ മാതാപിതാക്കളുടെ ആരോപണം. ഇതിനു പുറമെ ഹാരീസിന്റെ ബിസിനസ് ആവശ്യത്തിന് പലപ്പോഴായി ആഭരണവും പണവും നൽകി റംസിയുടെ വീട്ടുകാർ സഹായിച്ചു.
ഹാരിസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന റംസിയുടെ നിലപാട് വ്യക്തമാക്കുന്ന, ഹാരിസും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ റംസി ബ്ലേഡ് കൊണ്ടു കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിന്റെ ചിത്രം സമൂഹമാദ്ധ്യമത്തിലൂടെ ഹാരിസിന് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീടാണ് ഹാരിസിന്റെ അമ്മയെ റംസി വിളിച്ചിരുന്നു. ശേഷമായിരുന്നു മരണം.ഇതെല്ലാം ഹാരിസിനും കുടുംബത്തിനുമെതിരായ സുപ്രധാന തെളിവുകളായാണ് അന്വേഷണ സംഘം കണക്കാക്കുന്നത്. വിവാഹനിശ്ചയ ദിവസം ഹാരിസിന് റംസിയുടെ വീട്ടുകാർ സമ്മാനിച്ച ഐ ഫോണും റംസിയുമായുള്ള ഹാരിസിന്റെ അടുപ്പവും പിന്നീടുണ്ടായ ഗർഭച്ഛിദ്രവും പ്രണയച്ചതിയുമുൾപ്പെടെയുള്ള കാര്യങ്ങളിൽ നിർണായക തെളിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം