ദീപാവലി ദിനത്തിൽ റൺബീറും ആലിയയും പുതിയ വീട്ടിലേക്ക്; ആറ് നിലകൾ, ചെലവ് 250 കോടി

വലിയ ആരാധക പിന്തുണയുള്ള ബോളിവുഡ് താരദമ്പതികളാണ് റൺബീർ കപൂറും ആലിയ ഭട്ടും. ഇരുവരുടേയും പുതിയ വീടിനെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഏകദേശം 250 കോടി രൂപ ചെലവിലാണ് ആറ് നിലകളുള്ള ആഡംബരവും ആധുനികതയും നിറഞ്ഞ ഈ വസതിയൊരുക്കിയിരിക്കുന്നത്. മുത്തച്ഛൻ രാജ് കപൂറിന്റെ ഭൂമിയിലാണ് റൺബീർ പുതിയ ഭവനം പണികഴിപ്പിച്ചത്. രാജ് കപൂർ മകൻ ഋഷി കപൂറിനും ഭാര്യ നീതുവിനും നൽകിയ ഭൂമിയാണ് അദ്ദേഹത്തിന്റെ മരണശേഷം റൺബീറിന്റെയും ആലിയയുടെയും പേരിലേക്ക് മാറിയത്.
പുതിയ ഭവനം ഒരേസമയം ലളിതവും അതേസമയം അത്യന്തം സ്റ്റൈലിഷുമായ രൂപകല്പനയിലാണ്. ബംഗ്ലാവിന്റെ രണ്ട് വശങ്ങളും മുഴുവനായും കണ്ണാടിപാളികളാണ്, കൂടാതെ ഓരോ നിലയിലും പച്ചപ്പുള്ള ചെടികൾ അലങ്കരിച്ചിരിക്കുന്നു. ആറ് നിലകളിൽ ഓരോ നിലയും വ്യത്യസ്ത ആവശ്യങ്ങൾക്കായി രൂപകൽപന ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരസമാനമായ ഭവനം അതിന്റെ പ്രൗഢിയും ഡിസൈനും കൊണ്ട് തന്നെ ശ്രദ്ധ നേടുകയാണ്.
ദീപാവലി ദിവസത്തിൽ ആലിയയും റൺബീറും മകൾ റാഹയുമായി പുതിയ വീട്ടിലേക്ക് താമസം മാറും എന്നാണ് റിപ്പോർട്ടുകൾ. പുതിയ വീടിന് ‘കൃഷ്ണരാജ് ബംഗ്ലാവ്’ എന്നാണ് പേര്. ഇതും മകൾ റാഹയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
“ദീപാവലി ജീവിതത്തോടുള്ള നന്ദിയും പുതിയ തുടക്കങ്ങളുടെയും ഉത്സവവുമാണ്. കുടുംബമായി ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറുകയാണ്. ഈ സന്തോഷസമയത്ത് ഞങ്ങൾക്ക് നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങളുടെയും കുടുംബത്തിന്റെയും അയൽക്കാരുടെയും സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥിക്കുന്നു. ഈ ഉത്സവസീസണിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഞങ്ങളുടെ സ്നേഹവും ആശംസകളും നേരുന്നു. ദീപാവലി ആശംസകൾ!” ദമ്പതികൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അവർ പറഞ്ഞു:
ദമ്പതികളുടെ അഭ്യർത്ഥനപ്രകാരം ദീപാവലി ദിനത്തിൽ മാധ്യമപ്രവർത്തകരെ വീട്ടിൽ പ്രവേശിപ്പിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Tag: Ranbir and Alia move into new house on Diwali; Six floors, cost Rs 250 crore