
ചെന്നൈയിലെ രണ്ട് റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള അനാശാസ്യവുമായി ബന്ധപ്പെട്ട് ആറു പേരെ പോലീസ് അറസ്റ്റുചെയ്തു. എട്ടുയുവതികളെയാണ് ഇവിടെനിന്ന് രക്ഷപ്പെടുത്തിയത്. ഈസ്റ്റ് കോസ്റ്റ് റോഡിലെ പണൈയൂരിലെയും കോവളത്തെയും രണ്ടു റിസോർട്ടുകളിലാണ് അനാശാസ്യം നടന്നതായി കണ്ടെത്തിയത്.റിസോർട്ട് ഉടമ സെന്തിൽ കുമാർ, ഇടനിലക്കാരായ മഹേന്ദ്രൻ, ശിവകുമാർ, സതീഷ്, റിസോർട്ട് മാനേജർ ബാബു, ഡ്രൈവർ ദിലീപ് എന്നിവരെയാണ് കാണാത്തൂർ പോലീസ് അറസ്റ്റു ചെയ്തത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും നഗരത്തിൽ തൊഴിൽ തേടി എത്തിയ എട്ടു യുവതികളെ അനാശാസ്യ പ്രവർത്തിയിൽനിന്ന് രക്ഷപ്പെടുത്തി സർക്കാർ ഹോമിലേക്ക് അയച്ചു.മഹാരാഷ്ട്ര, ബംഗാൾ എന്നിവിടങ്ങളിലെ യുവതികളെയാണ് രക്ഷപ്പെടുത്തിയത്.റിസോർട്ട് ഉടമ സെന്തിൽ കുമാറാണ് തൊഴിൽ വാഗ്ദാനം ചെയ്ത് മറ്റുസംസ്ഥാനങ്ങളിൽനിന്ന് യുവതികളെ ചെന്നൈയിലെത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഇവരെ നിർബന്ധിപ്പിച്ച് ലൈംഗിക വൃത്തിയിലേക്ക് നയിക്കുകയായിരുന്നുവത്രെ.ഇടനിലക്കാരായ മഹേന്ദ്രൻ, ശിവകുമാർ, സതീഷ് എന്നിവരാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. യുവതികളുടെ ഫോട്ടോകൾ ഓൺലൈനിൽ പങ്കുവെച്ചായിരുന്നു കച്ചവടം ഉറപ്പിച്ചിരുന്നത്. ആവശ്യക്കാർക്ക് 10,000 മുതൽ 20,000 രൂപ വരെ രൂപയ്ക്കായിരുന്നു യുവതികളെ കാഴ്ചവെച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി. ഇവർ ഉപയോഗിച്ച മൊബൈൽ ഫോണുകളും കാറും പിടിച്ചെടുത്തിട്ടുണ്ട്.