റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന തീരുമാനത്തില്‍ പ്രതിഷേധം, സെക്രട്ടേറിയറ്റിന് മുന്നില്‍ മുടിമുറിച്ച് ഉദ്യോഗാര്‍ഥികള്‍
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികള്‍. മുഖ്യമന്ത്രി നിയമസഭയില്‍ ഈ തീരുമാനം വ്യക്തമാക്കിയതിന് പിന്നാലെയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ മുടിമുറിച്ച് പ്രതിഷേധം നടത്തിയത്. വനിത സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി.സി, സ്റ്റാഫ് നഴ്സ്, സിവില്‍ പോലീസ് ഓഫീസര്‍ എന്നീ ലിസ്റ്റുകളിലുള്‍പ്പെട്ടവരാണ് പ്രതിഷേധിക്കുന്നത്. മറ്റ് ലിസ്റ്റുകളില്‍ കൂടുതല്‍ നിയമനം നടക്കാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ഒഴിവുകള്‍ കുറവായ തങ്ങളുടെ ലിസ്റ്റില്‍ നിയമന കാലാവധി നീട്ടിയില്ലെങ്കില്‍ കഷ്ടപ്പെട്ട് പരീക്ഷെഴുതിയതും ലിസ്റ്റില്‍ ഉള്‍പ്പെട്ടതും വെറുതേയാകുമെന്നാണ് വനിത സിവില്‍ പോലീസ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പും ലോക്ഡൗണും കാരണം നിയമനം നടന്നിട്ടില്ല. 2020 ഓഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച 2058 പേരുടെ ലിസ്റ്റില്‍ വെറും 597 പേര്‍ക്ക് മാത്രമാണ് അഡ്വൈസ് മെമോ ലഭിച്ചത്. മുന്‍കാല ലിസ്റ്റുകളില്‍ 90 ശതമാനത്തോളം നിയമനം നടന്നിടത്ത് ഇത്തവണ 33 ശതമാനം പോലും നിയമനം നടന്നിട്ടില്ലെന്നും ഇവര്‍ പറയുന്നു.
അതേസമയം അവസരം കാത്ത് നിരവധിപേര്‍ പുറത്ത് കാത്ത് നില്‍ക്കുന്നുവെന്നും അകാരണമായി ലിസ്റ്റ് നീട്ടണമെന്ന് പറയുന്നത് മനസ്സിലാകുന്നില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം.