എസ്‌കെഎന്‍ വിവാദങ്ങളുടെ കളിത്തോഴന്‍
കൊച്ചി: വ്യാജവാര്‍ത്തയുടെ പേരില്‍ ആദ്യമായി അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകനും ഇന്‍സൈറ്റ് മീഡിയ സിറ്റി (ഇന്ത്യ) പ്രൈവറ്റ് ലിമറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ ശ്രീകണ്ഠന്‍ നായര്‍ 24 ന്യൂസ് ചാനല്‍ തുടങ്ങുന്നതിനു മുന്‍പുതന്നെ വിവാദങ്ങളുടെ കളിത്തോഴനായിരുന്നു. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംപി കോണ്‍ഗ്രസ് വിട്ട് ഡിഐസി എന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചിരുന്നു. ഡിഐസിയുടെ ചാനലിനായി ജനപ്രിയ കമ്മ്യൂണിക്കേഷന്‍ എന്ന കമ്പനി രൂപീകരിച്ച് ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സും കരസ്ഥമാക്കി.
തിരുവനന്തപുരം പിഎംജി ജംഗ്ഷനിലുള്ള ഡിഐസിയുടെ ഓഫീസിന്റെ ഒരുഭാഗമായിരുന്നു ന്യൂസ് ചാനലിന്റെ ഓഫീസാക്കിയത്. അതിനുശേഷം മുരളീധരന്‍ ഡിഐസി എന്ന തന്റെ സ്വന്തം പാര്‍ട്ടിയെ എന്‍സിപിയില്‍ ലയിപ്പിച്ചു. എന്നാല്‍ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുതന്നെ പോയി. എന്‍സിപിയില്‍ നിന്നും മുരളീധരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തിരികെ പ്രവേശിച്ചു.
കോണ്‍ഗ്രസിന്റെ സ്വന്തം ചാനലായ ജയ്ഹിന്ദ് ഉള്ളപ്പോള്‍ മറ്റൊരു ചാനല്‍ വേണ്ട എന്ന നിലപാട് പാര്‍ട്ടി എടുത്തതോടെ ജനപ്രിയ കമ്മ്യൂണിക്കേഷന്റെ പേരിലുള്ള ലൈസന്‍സില്‍ ഇതരഭാഷകളില്‍ കോണ്‍ഗ്രസിന്റെ ചാനല്‍ പ്രക്ഷേപണം തുടങ്ങാമെന്ന നിലപാടിലെത്തി. ഇതിനിടെ വട്ടിയൂര്‍ക്കാവില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി അവസരം നല്‍കിയതോടെ ദേശീയ ചാനല്‍ തുടങ്ങാമെന്ന മോഹം മുരളീധരന്‍ ഉപേക്ഷിച്ചു. ഡിഐസിയുടെ പ്രവര്‍ത്തകരായ പ്രവാസി മലയാളികളായിരുന്നു ചാനലിന് വേണ്ടി പണം കണ്ടെത്തിയത്.
20 കോടിയിലേറെ രൂപയാണ് ജനപ്രിയ ചാനലിനു വേണ്ടി പിരിച്ചെടുത്തത്. കോണ്‍ഗ്രസിന്റെ നിയമസഭ ടിക്കറ്റ് കിട്ടിയതോടെ മുരളീധരന്‍ ഇക്കാര്യങ്ങളെല്ലാം മറന്നു. അതിനിടെ മുരളീധരന്‍ തിരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ ജനപ്രിയ കമ്മ്യൂണിക്കേഷന്റെ ചില കണക്കുകള്‍ നല്‍കിയില്ലെന്നാരോപിച്ച് അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിന്റെ അപകടം മനസിലാക്കി മുരളീധരന്‍ സുപ്രീംകോടതിയില്‍ നിന്നും സ്‌റ്റേ സമ്പാദിച്ചു.
പക്ഷേ ബിജെപി കേന്ദ്രനേതൃത്വം കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചതോടെ ഈ കേസില്‍ മുരളീധരന്‍ രക്ഷപ്പെടുകയാണുണ്ടായത്. ഇതിനിടെ ജനപ്രിയയുടെ പേരിലുള്ള ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സ് മുരളീധരന്‍ ശ്രീകണ്ഠന്‍ നായര്‍ക്കും കൂട്ടര്‍ക്കും വിറ്റു. കമ്പനിയുടെ ആസ്തിവകകള്‍ മുരളീധരനും ലൈസന്‍സ് ശ്രീകണ്ഠന്‍ നായര്‍ക്കുമായി. പുറമെ കമ്പനി എംഡി എന്ന നിലയില്‍ മുരളീധരന്‍ കമ്പനിയില്‍ നിന്നും ഒന്നേമുക്കാല്‍ കോടി രൂപ വായ്പയും എടുത്തിരുന്നു.
ഇക്കാര്യങ്ങളും നിക്ഷേപകര്‍ വഞ്ചിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി കോഴിക്കോടുള്ള മുഹമ്മദ് സിദ്ധിഖ് എന്നയാള്‍ കമ്പനി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. കമ്പനി രജിസ്ട്രാര്‍ വിശദീകരണം തേടിയപ്പോള്‍ നോണ്‍ ഓപ്പറേഷണല്‍ സ്റ്റേജിലാണെങ്കിലും കമ്പനി മുന്നോട്ടു പോവുകയാണെന്ന ഉത്തരമാണ് മാനേജ്‌മെന്റ് നല്‍കിയത്. ആദ്യം കമ്പനിയുടെ പേരിലുള്ള ബ്രോഡ് കാസ്റ്റിംഗ് ലൈസന്‍സും പിന്നീട് കമ്പനിയെ മൊത്തമായും ശ്രീകണ്ഠന്‍ നായര്‍ സ്വന്തമാക്കി. ഇക്കാര്യങ്ങളെല്ലാം പല മാധ്യമങ്ങളിലായി പ്രസിദ്ധീകരിച്ചെങ്കിലും പലരും പിന്നീട് നിശബ്ദരായി.
ശ്രീകണ്ഠന്‍ നായര്‍ തന്റെ മാധ്യമപ്രവര്‍ത്തനം 24 ന്യൂസിലൂടെ തുടരുകയും ചെയ്തു. ആദ്യം തുടങ്ങിയ ഫ്‌ളവേഴ്‌സ് എന്ന എന്റര്‍ടൈന്‍മെന്റ് ചാനലും പല വിവാദങ്ങളിലൂടെയും കടന്നുപോയി. ഫ്‌ളവേഴ്‌സ് ചാനലിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റിന്റെ പേരിലുള്ള പാടം മണ്ണിട്ടു നികത്തി എ.ആര്‍. റഹ്‌മാന്‍ ഷോ നടത്താന്‍ ശ്രമിച്ചത് വന്‍ വിവാദമായിരുന്നു. പക്ഷേ ആ ഷോ മഴയില്‍ ഒലിച്ചുപോയി. പാടശേഖരം നികത്തുകയും അതിലൂടെ ഒഴുകുന്ന തോടിന്റെ വീതി കുറയ്ക്കുകയും ചെയ്യുന്നതായി ബോധ്യപ്പെട്ട തഹസില്‍ദാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും തന്റെ പരിപാടിയുമായി മുന്നോട്ടുപോയ ശ്രീകണ്ഠന്‍ നായര്‍ക്ക് വില്ലനായി വന്നത് കനത്ത മഴയാണ്.
മഴ മൂലം മാറ്റിവച്ച പരിപാടി പിന്നീട് ഒരു ഓഡിറ്റോറിയത്തില്‍ നടത്തി ടിക്കറ്റ് വാങ്ങിയവരെ സമാധാനിപ്പിച്ചയച്ചു. സിപിഎം സ്തുതി കനത്തതോടെ ചാനലിന്റെ വ്യൂവര്‍ഷിപ് ഉയര്‍ന്നു. ഇതോടെ എന്തും വിളിച്ചുപറയാമെന്ന അഹങ്കാരത്തിലേക്ക് ചാനലും മേധാവിയുമെത്തി. തുടര്‍ന്നാണ് മോന്‍സണ്‍ മാവുങ്കലിന്റെ തിട്ടൂരം, സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ, മുട്ടില്‍ മരംമുറി കേസില്‍ ഒത്തുതീര്‍പ്പ് തുടങ്ങിയ വിവാദങ്ങളും ചാനലിനെ തേടിയെത്തിയത്.