ബലാത്സംഗ കേസ്; മുൻ എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി

വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരനാണെന്ന് ബംഗളൂരുവിലെ എംപി/എംഎൽഎമാർക്കായുള്ള പ്രത്യേക കോടതി വിധിച്ചു. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനായ രേവണ്ണയ്ക്ക് ശിക്ഷ നാളെ വിധിക്കും.
സ്വന്തം ഫാംഹൗസിൽ മുൻ വേലക്കാരിയെ നിരന്തരം ബലാത്സംഗം ചെയ്തതും അശ്ലീല വീഡിയോ പകർത്തിയതുമായ കേസിലാണ് പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഹാസൻ മുൻ എംപിക്കെതിരെ നാല് ലൈംഗിക പീഡന കേസുകളാണ് നിലവിലുള്ളത്.
2021 മുതൽ രേവണ്ണ തുടർച്ചയായി ലൈംഗിക പീഡനം നടത്തിയെന്നും, സംഭവം വെളിപ്പെടുത്തിയാൽ പീഡനത്തിന്റെ വീഡിയോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വേലക്കാരി നൽകിയ മൊഴിയിൽ പറയുന്നു. കേസിൽ 26 സാക്ഷികളെ വിസ്തരിച്ചു, തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബലാത്സംഗം, ലൈംഗിക പീഡനം, ഭീഷണി, സ്വകാര്യ ദൃശ്യങ്ങൾ അനധികൃതമായി പ്രചരിപ്പിക്കൽ തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയത്.
വിധി പ്രഖ്യാപനത്തിനായി കോടതിയിൽ ഹാജരാക്കിയ രേവണ്ണ, കുറ്റക്കാരനെന്ന് കോടതി പ്രഖ്യാപിച്ചപ്പോൾ അസ്വസ്ഥനായി. കഴിഞ്ഞ 14 മാസമായി അദ്ദേഹം ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ്. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സഹോദരൻ എച്ച്.ഡി. രേവണ്ണയുടെ മകനാണ് പ്രജ്വൽ രേവണ്ണ.
Tag: Rape case; Court finds former MP Prajwal Revanna guilty