ബലാത്സംഗക്കേസ്; മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു

ബലാത്സംഗക്കേസിൽ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ, 10 ലക്ഷം രൂപ പിഴയും വിധിച്ചു. കഴിഞ്ഞ ദിവസം ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ട് 14 മാസത്തിനുള്ളിലാണ് വിധി പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. രേവണ്ണക്കെതിരെ രജിസ്റ്റർ ചെയ്ത നാല് പീഡനക്കേസുകളിൽ ആദ്യത്തേതിലാണ് ഇപ്പോഴത്തെ ശിക്ഷ.
വിധി പ്രഖ്യാപിച്ചതിന് ശേഷം വികാരാധീനനായ പ്രജ്വൽ രേവണ്ണ കോടതിയിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ കരഞ്ഞുവെന്ന് റിപ്പോർട്ടുകളുണ്ട്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ (സിഐഡി) സൈബർ ക്രൈം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ, യുവതിയെ രണ്ട് തവണ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്നായിരുന്നു പ്രധാന ആരോപണം. തെളിവായി അതിജീവിത സമർപ്പിച്ച സാരിയിൽ ബീജത്തിന്റെ സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. ഈ തെളിവാണ് കേസിൽ നിർണായകമായത്.
ഇൻസ്പെക്ടർ ശോഭയുടെ നേതൃത്വത്തിലുള്ള സിഐഡിയുടെ പ്രത്യേക സംഘം 123 തെളിവുകൾ ശേഖരിക്കുകയും ഏകദേശം 2,000 പേജുകൾ വരുന്ന കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. 2024 ഡിസംബർ 31-ന് വിചാരണ ആരംഭിച്ച് ഏഴ് മാസത്തിനുള്ളിൽ 23 സാക്ഷികളെ വിസ്തരിച്ചു. വീഡിയോ ക്ലിപ്പുകളുടെ ഫോറൻസിക് റിപ്പോർട്ടുകളും കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ പരിശോധനാ റിപ്പോർട്ടുകളും കോടതി വിലയിരുത്തി.
പ്രജ്വൽ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ പുറത്തായതോടെയാണ് അതിജീവിത പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ, ഹാസൻ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർത്ഥിയായിരുന്ന രേവണ്ണ വോട്ടെടുപ്പിന്റെ ദിവസം രാത്രി വിദേശത്തേക്ക് മുങ്ങി. തുടർന്ന് മടങ്ങിയെത്തിയപ്പോൾ 2024 മേയ് 31-ന് ബെംഗളൂരു വിമാനത്താവളത്തിൽ പ്രത്യേക അന്വേഷണസംഘം ഇയാളെ അറസ്റ്റുചെയ്തു. തിരഞ്ഞെടുപ്പിൽ പ്രജ്വൽ 42,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.
Tag: Rape case; Former MP Prajwal Revanna sentenced to life imprisonment