ബലാത്സംഗ കേസ്; പ്രതിയായ റാപ്പർ വേടനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അറസ്റ്റ് ഒഴിവാക്കാൻ അദ്ദേഹം വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന സൂചനയെ തുടർന്നാണ് നടപടി. ഇതോടെ വിമാനത്താവളം വഴിയോ മറ്റു രാജ്യാന്തര യാത്രാമാർഗങ്ങളിലൂടെയോ പോകാൻ ശ്രമിച്ചാൽ ലുക്കൗട്ട് നോട്ടീസ് പ്രകാരം ഉടൻ കസ്റ്റഡിയിലെടുക്കാനാകും.
വേടൻ ഒളിവിൽ പോയതിനെ തുടർന്ന്, കഴിഞ്ഞ ദിവസം കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ സംഘടിപ്പിക്കാനിരുന്ന ‘ഓളം ലൈവ്’ സംഗീത പരിപാടി മാറ്റിവച്ചു. പരിപാടിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ തീരുമാനം. പിന്നീട് മറ്റൊരു തീയതിയിൽ പരിപാടി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബലാത്സംഗക്കേസിൽ വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മുൻകൂർ ജാമ്യം നേടാനായി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണം തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിൽ നടക്കുന്നു. ഇൻഫോപാർക്ക് എസ്‌എച്ച്‌ഒയ്ക്കാണ് അന്വേഷണ ചുമതല.
Tag: Rape case; Police issue lookout notice against accused rapper Vedan