ബലാത്സംഗ കേസ്; റാപ്പർ വേടൻ അറസ്റ്റിൽ
ബലാത്സംഗ കേസിൽ റാപ്പർ വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ, വേടന് മുൻകൂർ ജാമ്യം ലഭിച്ചിരിക്കുന്നതിനാൽ വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയക്കും.
വിവാഹ വാഗ്ദാനം നൽകി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു യുവ ഡോക്ടർ നൽകിയ പരാതി. ഈ കേസിൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, കഴിഞ്ഞ ദിവസം എറണാകുളം അഡീഷണൽ സെഷൻസ് കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലും വേടൻ സംഗീത പരിപാടികളിൽ പങ്കെടുത്തിരുന്നു. പത്തനംതിട്ടയിലെ കോന്നിയിൽ നടന്ന ‘കരിയാട്ടം’ സമാപന ദിവസത്താണ് വേടന്റെ പ്രകടനം അരങ്ങേറിയത്. “വളരെപ്പേർ വിചാരിക്കുന്നത് ഞാൻ എവിടെയോ മറഞ്ഞിരിക്കുകയാണെന്ന്. പക്ഷേ, ഒരു കലാകാരൻ ഒരിക്കലും മറയുന്നില്ല. എന്റെ ഈ ഒറ്റജീവിതം ജനങ്ങളുടെ മുന്നിൽ ജീവിച്ചും മരിച്ചും തീർക്കാനാണ് ഞാൻ എത്തിയിരിക്കുന്നത്,” എന്ന് വേടൻ വേദിയിൽ പറഞ്ഞു.
2021 മുതൽ 2023 വരെ വിവിധ ഫ്ലാറ്റുകളിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. എന്നാൽ വ്യക്തിഹത്യയ്ക്കായുള്ള ശ്രമമാണിതെന്നും, തനിക്കും മാനേജർക്കും ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും വേടൻ മറുപടി നൽകിയിരുന്നു.
അടുത്തിടെ ഒരു ഗവേഷണ വിദ്യാർത്ഥിയും വേടനെതിരെ ലൈംഗികാതിക്രമപരാതി നൽകിയിരുന്നു. സ്ത്രീയെ അപമാനിക്കൽ, ലൈംഗിക അതിക്രമം, അശ്ലീല പ്രയോഗം, ലൈംഗിക അംഗവിക്ഷേപങ്ങൾ കാണിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കൊച്ചി സിറ്റി പൊലീസ് വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
Tag: Rape case; Rapper Vedan arrested