കോവിഡ് ഡ്യൂട്ടി കാരണം അവധി ലഭിച്ചില്ല, പോലീസ് സ്റ്റേഷനിൽ വെച്ച് ഹൽദി നടത്തി വനിതാ കോൺസ്റ്റബിൾ
കൊറോണ വൈറസ് മഹാമാരിയെത്തുടർന്ന് നിരവധി ആളുകൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനും ജോലിയിൽ നിന്ന് ഇടവേള എടുക്കാനുമൊക്കെ അവസരം ലഭിച്ചെങ്കിലും, കോവിഡ് സാഹചര്യത്തിൽ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്നവർക്ക് അതൊന്നും സാധ്യമല്ല. ഒരു വനിതാ കോൺസ്റ്റബിളിന് തന്റെ വിവാഹത്തിനായി അവധിയെടുക്കാൻ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് അവരുടെ ഹൽദി ചടങ്ങ് പോലീസ് സ്റ്റേഷനിൽ വെച്ച് നടന്നു. രാജസ്ഥാനിലെ ദുങ്കർപൂർ ജില്ലയിൽ ഉണ്ടായ ഈ സവിശേഷമായ ആഘോഷത്തിന്റെ ഫോട്ടോകളും വീഡിയോകളും വൈറലായി മാറിയിരിക്കുകയാണ്.
കോവിഡ് കേസുകൾ വർദ്ധിക്കുകയും സംസ്ഥാനത്തൊട്ടാകെ നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആശ റോത്ത് എന്ന വനിതാ പോലീസ് കോൺസ്റ്റബിളിന്റെ ദീർഘകാല അവധിക്ക് വേണ്ടിയുള്ള അപേക്ഷക്ക് അനുമതി നിഷേധിക്കപ്പെട്ടത്. വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോയിൽ കോത്ത്വാളി പോലീസ് സ്റ്റേഷനിലെ ചില വനിതാ പോലീസുദ്യോഗസ്ഥർ ചേർന്ന് തങ്ങളുടെ സഹപ്രവർത്തകയ്ക്ക് മഞ്ഞൾ തേച്ചുകൊടുക്കുന്നത് കാണാം. സ്റ്റേഷൻ പരിസരത്ത് വെച്ച് തന്നെയാണ് ഹൽദി ചടങ്ങ് നടന്നത്. ഈ ചടങ്ങുമായി ബന്ധപ്പെട്ട് പരമ്പരാഗതമായി പാടാറുള്ള പാട്ടുകൾ പാടിയാണ് എല്ലാവരും ചേർന്ന് ചടങ്ങ് നടത്തിയത്. ഒരു സൽവാർ സ്യൂട്ട് ധരിച്ചാണ് പ്രതിശ്രുത വധു കസേരയിൽ ഇരിക്കുന്നത്. അവരുടെ സഹപ്രവർത്തകർ ചുറ്റിലുംനിന്ന് ചടങ്ങ് ആഘോഷമായി നടത്തുന്നു.
പത്രിക എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പ്രസ്തുത വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വിവാഹം കഴിഞ്ഞ വർഷം നടക്കേണ്ടതായിരുന്നു. എന്നാൽ, കോവിഡ് മഹാമാരി മൂലം വിവാഹം നീട്ടി വെക്കേണ്ടിവന്നു. ഒരു വർഷത്തേക്ക് വിവാഹം നീട്ടിവെച്ചെങ്കിലും ഇപ്പോൾ കോവിഡിന്റെ രണ്ടാം തരംഗം ആഘോഷങ്ങൾക്ക് വിഘാതം സൃഷ്ടിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. ഈ മാസം അവസാനമാണ് വിവാഹച്ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.