keralaKerala NewsLatest News

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി റാപ്പർ വേടൻ ; ഹൈക്കോടതിയെ സമീപിച്ചു

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചു. വേടന്റെ ജാമ്യഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെടും.

കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയാണ് അന്വേഷണ ചുമതലയിലുള്ളത്. യുവതിയുടെ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന് ശേഷമായിരിക്കും വേടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക.

പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചിയിലും കോഴിക്കോടും പരിശോധനകൾ നടത്തും. വേടനുമായി യുവതിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. യുവതിയുടെ മൊഴിപ്രകാരം, 2023 ജൂലൈ മുതൽ കോഴിക്കോടും കൊച്ചിയിലും ഏലൂരിലും അഞ്ച് തവണ പീഡനം നടന്നു. ലഹരി മരുന്ന് ഉപയോഗിച്ച ശേഷമാണ് പീഡനം നടന്നതെന്നും മൊഴിയിൽ പറയുന്നു.

സംഭവങ്ങളെക്കുറിച്ച് അറിവുള്ള സുഹൃത്തുക്കളുടെ പേരുകളും യുവതി പൊലീസിന് നൽകിയിട്ടുണ്ട്. വേടൻ പിന്നീട് ബന്ധം ഒഴിവാക്കി, വിളിച്ചാലും പ്രതികരിക്കാതെയായെന്നും, ഇതു തന്നെ മാനസികമായി തകർത്തുവെന്നും യുവതി മൊഴി നൽകി. പല തവണയായി 31,000 രൂപ വേടന് കൈമാറിയതായി യുവതി പറഞ്ഞു. പണമിടപാടുകളുടെ ജി-പേ വിവരങ്ങളും തെളിവായി ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വേടനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Tag: Rapper Vedan seeks anticipatory bail in rape case; approaches High Court

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button