പാലിയേക്കര ടോൾപ്ലാസയിൽ നിരക്കുകൾ ഉയരുന്നു; 5 മുതൽ 15 രൂപ വരെ വർധനവ്
പാലിയേക്കര ടോൾപ്ലാസയിൽ സെപ്റ്റംബർ 10 മുതൽ നിരക്കുകൾ ഉയരും. 5 മുതൽ 15 രൂപ വരെ വർധനവാണ് ദേശീയ പാത അതോറിറ്റി (NHAI) കരാർ കമ്പനി ജിഐപിഎല്ലിന് (GIPL) അനുവദിച്ചത്. ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർത്തിവെച്ചിരുന്ന ടോൾ പിരിവ് പുനരാരംഭിക്കുമ്പോഴാണ് ഉയർന്ന നിരക്ക് ഈടാക്കാൻ അനുമതി നൽകിയിരിക്കുന്നത്.
ഇപ്പോൾ 90 രൂപയായിരുന്ന കാറുകളുടെ ഏകയാത്രാ ടോൾ 95 രൂപയാകും. എന്നാൽ ഒരുദിവസം ഒന്നിലധികം യാത്ര ചെയ്യുന്നവർക്കുള്ള 140 രൂപ നിരക്കിൽ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് 160 രൂപയായിരുന്നത് 165 രൂപയും, ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് 240 രൂപ 245 രൂപയും ആയിരിക്കും.
ബസുകൾക്കും ട്രക്കുകൾക്കും 320 രൂപയായിരുന്ന ഏകയാത്രാ നിരക്ക് 330 രൂപയും, മൾട്ടിപിൾ യാത്രയ്ക്ക് 485 രൂപ 495 രൂപയും ആയിരിക്കും. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 515 രൂപ 530 രൂപയും, ഒന്നിൽ കൂടുതലുള്ള യാത്രയ്ക്ക് 775 രൂപ 795 രൂപയുമായി ഉയരും.
സെപ്റ്റംബർ 9 വരെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ടോൾ പിരിവ് നിർത്തിയിരിക്കുകയാണ്. ദേശീയപാതയിലെ ഗതാഗത തടസ്സങ്ങളും കരാർ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കേസ് തുടരുന്നതിനിടെയാണ് വീണ്ടും നിരക്കുയർത്താനുള്ള തീരുമാനം.
പാലിയേക്കരയിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് ടോൾ നിരക്ക് പരിഷ്‌കരിക്കുന്നത്. കരാർ വ്യവസ്ഥകൾ നിരന്തരം ലംഘിക്കുന്ന ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന് (GIPL) ടോൾ നിരക്ക് ഉയർത്താൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് നൽകിയ ഹർജി ഇപ്പോൾ ഹൈക്കോടതി പരിഗണനയിലാണ്.
Tag: Rates increase at Paliyekkara toll plaza; increase from Rs 5 to Rs 15