Kerala NewsLatest News

റേഷന്‍ കാര്‍ഡ് യോഗ്യതയില്‍ അടിമുടി മുടി മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് റേഷന്‍ വിതരണ സമ്പ്രദായം അടിമുടി മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അര്‍ഹരായവര്‍ക്ക് മാത്രം ഇനി റേഷന്‍ എന്ന രീതിയിലേക്ക് പരിഷ്‌കരിക്കുകയാണ്. അനര്‍ഹരായവര്‍ക്ക് റേഷന്‍ ലഭ്യമാകുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നടപടി. അര്‍ഹരായവര്‍ക്ക് മാത്രം റേഷന്‍ ലഭ്യമാക്കും വിധം റേഷന്‍ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുവാനാണ് കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം തീരുമാനിച്ചത്. ഇതിന്റെ കരട് രൂപം തയ്യാറായിക്കഴിഞ്ഞു. ഈ മാസം തന്നെ അന്തിമരൂപം നിലവില്‍ വരുമെന്നാണ് വിവരം.

റേഷന്‍ കാര്‍ഡ് ഉടമകളായ 80 ശതമാനം പേരും ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം ഇപ്പോള്‍ റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും അനര്‍ഹരായവരാണ്. ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന കൂടുതല്‍ ആളുകളും സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ളവരാണ്.
ഇത് മുന്നില്‍കണ്ടുകൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് നടപ്പാക്കുന്നത്. എല്ലാവര്‍ക്കും റേഷന്‍ നല്‍കുന്നതിന് പകരം അര്‍ഹരായ ആളുകള്‍ക്ക് മാത്രമായി റേഷന്‍ പരിമിതപ്പെടുത്തുവാനാണ് കേന്ദ്രം നടപടി തുടങ്ങിയത്. ഇത് സംബന്ധിച്ച് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം സെക്രട്ടറി വിവിധ സംസ്ഥാനങ്ങളുമായി കഴിഞ്ഞ ആറ് മാസമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ച് അന്തിമ രൂപം തയ്യാറാക്കും.

ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്കനുസരിച്ച് ‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി 2020 ഡിസംബര്‍ വരെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 32 ഇടങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ട്. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന് കീഴിലുള്ള ജനസംഖ്യയുടെ 86 ശതമാനത്തോളം വരുന്ന 69 കോടി ഗുണഭോക്താക്കള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുമുണ്ട്.

അതേസമയം സംസ്ഥാനത്ത് മഞ്ഞ, നീല, പിങ്ക്, വെളള കാര്‍ഡുകള്‍ക്ക് പുറമെ ബ്രൗണ്‍ നിറത്തിലുളള റേഷന്‍ കാര്‍ഡും പുതിയതായി രൂപീകരിച്ചിരുന്നു. പുതുതായി രൂപീകരിച്ച എന്‍പി (ഐ) (പൊതുവിഭാഗം സ്ഥാപനം) എന്ന വിഭാഗത്തിനുള്ളതാണ് ഈ കാര്‍ഡ്. ഇതു മുന്‍ഗണനാ വിഭാഗം കാര്‍ഡ് അല്ല. ഈ കാര്‍ഡ് വ്യക്തികള്‍ക്കാണ് നല്‍കുക. റേഷന്‍ പെര്‍മിറ്റ് ഇല്ലാത്ത വൃദ്ധസദനങ്ങള്‍, കന്യാസ്ത്രീ മഠങ്ങള്‍, അഗതി മന്ദിരങ്ങള്‍, ആശ്രമങ്ങള്‍, ക്ഷേമാശുപത്രികള്‍, ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ കാര്‍ഡ്. രാജ്യത്തുള്ള ഒരു റേഷന്‍ കാര്‍ഡിലും ഉള്‍പ്പെട്ടിട്ടില്ലാത്ത വ്യക്തികള്‍ക്കു പൊതുവിതരണ സമ്പ്രദായ പ്രകാരമുള്ള റേഷന്‍ വിഹിതം ലഭിക്കുന്നതിനായാണ് ഈ പുതിയ വിഭാഗം രൂപീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button