ഗുജറാത്തില്‍ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ അടക്കം 26 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

ഗുജറാത്തിൽ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ അടക്കം 26 പേർ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഹർഷ സാങ്ഗ് വി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള പഴയ മന്ത്രിസഭ ഇന്നലെ രാജിവെച്ചിരുന്നു.
ഗാന്ധിനഗറിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് പുതിയ മന്ത്രിമാരെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചു. ഋഷികേശ് പട്ടേൽ, കനുഭായ് ദേശായി, കുന്വർജി ബവാലിയ, പ്രഫുൽ പൻസേരിയ, പർഷോത്തം സോളങ്കി എന്നിവർ ഉൾപ്പെടെ മുൻ മന്ത്രിമാരിൽ ചിലർ പുതിയ മന്ത്രിസഭയിലും സ്ഥാനം നിലനിർത്തി.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജാംനഗർ നോർത്ത് മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച റിവാബ ജഡേജ, ആം ആദ്മി പാർട്ടിയുടെ കർഷൺഭായ് കാർമൂരിനെ അരലക്ഷത്തിലേറെ വോട്ടിന് തോൽപ്പിച്ചാണ് വിജയിച്ചത്. കഴിഞ്ഞ വർഷം കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേർന്ന പോർബന്ദർ എം.എൽ.എ അർജുൻ മോണ്ട് വാഡിയയ്ക്കും പുതിയ മന്ത്രിസഭയിൽ സ്ഥാനം ലഭിച്ചു.
ഗുജറാത്ത് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷനും ഭാവ്നഗർ എം.എൽ.എയുമായ ജിത്തു വാഘാനിയും പുതിയ മന്ത്രിസഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്തു.
Tag: Ravindra Jadeja’s wife Rivaba, 26 others sworn in as ministers in Gujarat