എം.ശിവശങ്കർ വാട്സ്ആപ്പിൽ ദിവസേന ചാറ്റ് ചെയ്തിരുന്ന ‘റസിയുണ്ണി’ അനെർട്ടിലെ ജീവനക്കാരി.

തിരുവനന്തപുരം / എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം.ശിവശങ്കറിനെ പ്രതിചേർത്ത് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്ന ‘റസിയുണ്ണി’ അനെർട്ടിലെ ജീവനക്കാരി എന്ന് റിപ്പോർട്ട്. അനെർട്ടിലെ ജീവനക്കാരിയായിരുന്ന ഇവർ കുറേക്കാലം ലൈഫ് മിഷനിലും ഡെപ്യൂട്ടേഷനിൽ ജോലി നോക്കിയിരുന്നു. സ്വർണക്കടത്ത് കേസ് സംബന്ധിച്ച വിവരങ്ങൾ സിപിഎം അനുഭാവിയായ ഇവരുമായി ശിവശങ്കർ പങ്കുവച്ചത് കൂടുതൽ ദുരൂഹതകൾക്ക് ഇടയാക്കിയിരിക്കുകയാണ്. ഇക്കാര്യത്തിൽ റസിയുണ്ണിയുമായി ബന്ധപെട്ടു ഇഡി അന്വേഷണം തുടങ്ങിയിരിക്കുകയാണ്. റസിയുണ്ണിയിൽ നിന്ന് ഇഡി മൊഴിയെടുക്കുന്നുണ്ട്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട വാർത്തകളും പ്രൈസ് വാട്ടർ കൂപ്പേഴ്സുമായുള്ള ഇടപാടുകളെക്കുറിച്ചും എം.ശിവശങ്കർ റസിയുണ്ണിമായി വാട്സ്ആപ്പിൽ ദിവസേന ചാറ്റ് ചെയ്തിരുന്നതാണ്. ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ ഇവരാരാണെന്നു പറഞ്ഞിരുന്നില്ല. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത്, എന്നിവരെപറ്റിയും റസിയുണ്ണിമായി ശിവശങ്കർ ചാറ്റ് ചെയ്തിരുന്നതായി കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. അനെർട്ടിലെ ജീവനക്കാരിയായിരുന്ന ഇവർ കുറേക്കാലം ലൈഫ് മിഷനിലെ ഡെപ്യൂട്ടേഷന് ശേഷം വീണ്ടും അനെർട്ടിലേക്കു മടങ്ങുകയായിരുന്നു. ഇവരുടെ പേര് ആവട്ടെ അവരുടെ ഭർത്താവിന്റെ പേരും ചേർത്താണ് ശിവശങ്കർ ഫോണിൽ സേവ് ചെയ്തിരിക്കുന്നത്. ലൈഫ് മിഷൻ ഇടപാടിൽ 1.08 കോടിരൂപ കോഴ ലഭിച്ചശേഷം യൂണിടാക് ബിൽഡേഴ്സിനെ ശിവശങ്കർ പലർക്കും ശുപാർശ ചെയ്തിരുന്നുവെന്നും, ഇക്കാര്യങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് ശിവശങ്കർ ഉത്തരം നൽകിയില്ലെന്നും കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. കേസിൽ ശിവശങ്കറിനു ശക്തമായ പങ്കുണ്ടെന്നു കണ്ടെത്തിയതിനെ ത്തുടർന്നാണ് ഇഡി അനുബന്ധ കുറ്റപത്രം പോലും സമർപ്പിക്കുന്നത്.