ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്മോർട്ടം പൂർത്തിയായി

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ റീ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
അതുല്യയുടെ മരണത്തിന് ഭർത്താവ് സതീഷിന്റെ മാനസികവും ശാരീരികവുമായ പീഡനമാണ് കാരണം എന്ന് കുടുംബം ആരോപിച്ചു. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഷാർജയിൽ ആദ്യം നടത്തിയ ഫോറൻസിക് പരിശോധനയിൽ തൂങ്ങിമരണമാണ് നിഗമനം, മരണത്തിൽ അസ്വാഭാവികത ഇല്ല എന്നും കണ്ടെത്തി. എന്നാൽ കുടുംബം ദുരൂഹത ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് നാട്ടിൽ റീ പോസ്റ്റ്മോർട്ടം നടത്തി.
19-ാം തീയതി പുലർച്ചെയായിരുന്നു അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മൃതദേഹം നാട്ടിലെത്തി. അതുല്യയുടെ ഭർത്താവ് സതീഷിനെ നാട്ടിൽ എത്തിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് എഎസ്പി അറിയിച്ചു.
ഷാർജയിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്ന സതീഷ്, ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഒരു വർഷം മുൻപാണ് സതീഷ് ജോലിയിൽ പ്രവേശിച്ചത്. 11 വർഷം മുമ്പ് വിവാഹിതരായ ഇരുവരും, കഴിഞ്ഞ കുറച്ചു കാലമായി ഷാർജയിൽ താമസിച്ചുവരികയായിരുന്നു. പുതിയ ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങിയിരിക്കെ അതുല്യയുടെ മരണം സംഭവിച്ചു.
Tag: Re-postmortem of Kollam native Athulya, found dead in Sharjah, completed