പ്രതിദിന എണ്ണത്തിൽ റെക്കോഡ് വർധന, 24 മണിക്കൂറിൽ 78,761 പേർക്ക് കൂടി രാജ്യത്ത് കോവിഡ്.

ഇന്ത്യയിൽ കൊവിഡ് രോഗ ബാധിതരുടെ പ്രതിദിന എണ്ണത്തിൽ റെക്കോഡ് വർധന. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിൽ 78,761 പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് കേസുകൾ 35,42,733 ആയി ഉയർന്നിരിക്കുകയാണ്. 948 പേരുടെ ജീവൻ കൂടി ശനിയാഴ്ച വൈറസ് കവർന്നതോടെ മൊത്തം മരണസംഖ്യ 63,498 ആയി. ഇപ്പോൾ 7,65,302 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 27.13 ലക്ഷത്തിലേറെ പേർ രോഗമുക്തരായി.
പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വൻ വർധനയാണ് ഉണ്ടായത്. മഹാരാഷ്ട്രയിൽ 16,867 പേർക്ക് പുതുതായി രോഗം കണ്ടെത്തി. ഓഗസ്റ്റ് 26ന് 14,888 പേർക്കു രോഗബാധ സ്ഥിരീകരിച്ചതാണ് ഇതിനുമുൻപ് സംസ്ഥാനത്തെ പ്രതിദിന വർധനയിലെ റെക്കോഡ്. സംസ്ഥാനത്തെ മൊത്തം കേസുകൾ 7.64 ലക്ഷത്തിലെത്തി. 24 മണിക്കൂറിൽ 328 പേരുടെ കൊവിഡ് മരണമാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 24,103 ആയി. രാജ്യത്തെ മൊത്തം കൊവിഡ് മരണങ്ങളുടെ 38 ശതമാനവും മഹാരാഷ്ട്രയിലാണ് നടന്നിരിക്കുന്നത്.
തമിഴ്നാട്ടിൽ മൊത്തം 6,352 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്തെ രോഗബാധിതർ 4.15 ലക്ഷത്തിലെത്തി. 87 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ 7,137 ആയി. ദിവസമായി അയ്യായിരത്തലേറെ കേസുകളാണ് സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നത്.അത് ഇപ്പോൾ വീണ്ടും ആറായിരത്തിനു മുകളിലേക്കെത്തി. ആന്ധ്രപ്രദേശിൽ 4.14 ലക്ഷം കൊവിഡ് കേസുകളാണുള്ളത്. സംസ്ഥാനത്തെ മരണസംഖ്യ 3,796 ആയി. കർണാടകയിൽ 3.27 ലക്ഷം കേസുകളും 5,483 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഉത്തർപ്രദേശിലെ രോഗ ബാധിതർ 2.19 ലക്ഷത്തിലെത്തി. 3,356 പേർ ഇതുവരെ ഉത്തർപ്രദേശിൽ മരണപെട്ടു.
രോഗബാധയിൽ വർധന തുടരുന്ന ഡൽഹിയിൽ കഴിഞ്ഞ അവസാന 24 മണിക്കൂറിൽ 1,954 പുതിയ കേസുകൾ ആണ് സ്ഥിരീകരിച്ചത്. രാജ്യതലസ്ഥാനത്തെ മൊത്തം കേസുകൾ ഇതോടെ 1.71 ലക്ഷമായി. 4,404 പേർ ഡൽഹിയിൽ ഇതുവരെ കൊവിഡ് ബാധിച്ചു മരണപെട്ടു. പ്രതിദിന കേസുകളിൽ 50 ദിവസത്തിനിടയിലെ ഏറ്റവും വലിയ വർധനയാണ് ഡൽഹിയിലുണ്ടായിരിക്കുന്നത്. പശ്ചിമ ബംഗാളിലെ മൊത്തം കോവിഡ് കേസുകൾ 1.56 ലക്ഷത്തിലെത്തി. 3,126 പേർ സംസ്ഥാനത്തു മരണപെട്ടു. സംസ്ഥാനത്തെ റിക്കവറി നിരക്ക് 81.42 ശതമാനമായി ഉയർന്നെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുമ്പോൾ, 3,012 പേർക്ക് ശനിയാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചു.