മൂന്ന് ജില്ലകളില്‍ക്കൂടി റെഡ് അലേര്‍ട്ട്
തിരുവനന്തപുരം: ഒന്നിന് പുറകേ ഒന്നായി എത്തുന്ന ന്യൂനമര്‍ദങ്ങള്‍ കാരണം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് കേരളത്തില്‍ മഴ കനത്തത്. ഇതോടെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വടക്കന്‍ തമിഴ്‌നാടിന് മുകളിലും തെക്ക് കിഴക്കന്‍ അറബികടലിലുമായി നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഇന്ന് രണ്ട് മണിയോടെ തുറക്കും എന്ന് അറിയിച്ചിട്ടുണ്ട്.
പുതിയ കണക്ക് അനുസരിച്ച് ജലനിരപ്പ് 2398.80 അടിയാണ്. ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി ഏകദേശം 40 മുതല്‍ 50 കുസെക്‌സ് ജലം പുറത്തേക്ക് ഒഴുക്കും. ഈ സാഹചര്യത്തില്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലും ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ഇതിനുപുറമേ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നത്. ജലനിരപ്പ് ഉയര്‍ന്നതോടെ അടുത്ത ഇരുപത്തിനാല് മണിക്കൂറിനകം അധിക ജലം പുറത്തേക്ക് ഒഴുക്കുമെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിന് പുറമേ കൂടുതല്‍ ജലം തമിഴ്‌നാട് കൊണ്ടു പോകുന്നതിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. സെക്കന്റില്‍ 900 ഘന അടി വെള്ളമാണ് തമിഴ്‌നാട് ഇപ്പോള്‍ കൊണ്ടുപോകുന്നത്. ജലനിരപ്പ് 140 അടിയായെന്ന് തമിഴ്‌നാട് കേരളത്തെ ഔദ്യോഗികമായി അറിയിച്ചതോടെ സംസ്ഥാനം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളിലെ മീന്‍പിടുത്തവും നിരോധിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുജനങ്ങള്‍ പോലീസിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ല അധികാരികള്‍ അറിയിച്ചു.
മഴ തെക്കന്‍ കേരളത്തില്‍ നിന്നും വടക്കന്‍ കേരളത്തിലേക്ക് ഗതിമാറുന്നതിനിടെ മധ്യകേരളത്തിലും കനത്ത മഴയാണ് ലഭിക്കുന്നത്. കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലും മഴ തകര്‍ത്ത് പെയ്യുന്നുണ്ട്. പമ്പാ നദി കരകവിഞ്ഞ് ഒഴുകിയതിനാല്‍ പമ്പ ത്രിവേണിയില്‍ വെള്ളം കയറി. ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇവിടെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
കൊല്ലത്തും ഇന്ന് കനത്ത മഴ തുടരുകയാണ്. തെന്മല ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഡാം ഷട്ടറുകള്‍ 20 സെ.മീ കൂടി ഉയര്‍ത്തിയിട്ടുണ്ട്. അച്ചന്‍കോവില്‍, കുളത്തുപ്പുഴ മേഖലകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആലപ്പുഴയിലും മഴക്കെടുതി ജനജീവിതം ദുസഹമാക്കിയിട്ടിണ്ട്. അപ്പര്‍ കുട്ടനാട്ടില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ നിരവധി വീടുകളില്‍ വെള്ളം കയറി.