വീട് നല്‍കാമെന്ന് പറഞ്ഞ് വാഗ്ദാനം,മലപ്പുറത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം; ഹൈക്കോടതി ഇടപെടല്‍
കൊച്ചി: ഭാര്യയേയും മകനേയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയെന്ന മലപ്പുറം സ്വദേശിയുടെ പരാതിയല്‍ ഹൈക്കോടതി ഇടപെടല്‍. ഇരുവരേയും ഒരാഴ്ചക്കകം കോടതിയില്‍ ഹാജരക്കാണമെന്നും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പൊലീസിന് നിര്‍ദേശം നല്‍കി. നീരോല്‍പ്പാലം സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗം ഗില്‍ബേര്‍ട്ട് പി.ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഭാര്യയേയും മകനേയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയെന്നും കോഴിക്കോടുള്ള തെര്‍ബിയത്തുല്‍ ഇസ്ലാം സഭ നിയമവിരുദ്ധമായി അവരെ തടങ്കലില്‍ വെച്ചിരിക്കുന്നതായും ഗില്‍ബേര്‍ട്ട് പറയുന്നു.
പ്രദേശിക മഹല് കമ്മിറ്റി ജൂണ്‍ ആറിന് ഭാര്യയേയും മകനേയും ഇസ്ലാം സഭയിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും 24 മണിക്കൂറിനുള്ളില്‍ തന്നെ മതപരിവര്‍ത്തനം നടത്തിയതായും ഗില്‍ബേര്‍ട്ട് ആരോപിക്കുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ഇരുവരും എവിടെയാണെന്ന് കണ്ടെത്തുകയുമായിരുന്നു.
ലോക്കല്‍ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഇവരെ ഹാജരാക്കിയിരുന്നെങ്കിലും, പ്രാദേശിക മുസ്ലിം സഭാംഗങ്ങള്‍ ഭീഷണിയുയര്‍ത്തിയതായും ഗില്‍ബേര്‍ട്ട് പറഞ്ഞു.
“ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് (ഐ.യു.എം.എല്‍) അംഗവും പഞ്ചായത്ത് മെമ്ബറുമായ നസീമ യൂനസും ഭര്‍ത്താവ് യൂനസും ചേര്‍ന്നാണ് ഭാര്യയെ മതപരിവര്‍ത്തനത്തിനായി പ്രേരിപ്പിച്ചത്, വീട് നല്‍കാമെന്ന വാക്ദാനവും നടത്തി. ഭാര്യ എന്നെ ഇക്കാര്യം അറിയിക്കുകയും, ഞാന്‍ വിസമ്മതിക്കുകയും ചെയ്തു,” ഗില്‍ബേര്‍ട്ട് പറഞ്ഞു.