ആശ്വാസ വാർത്ത: ഇന്ത്യയില്‍ പടര്‍ന്നിരിക്കുന്ന കൊറോണ വൈറസിന് ജനിതക പരിവര്‍ത്തനമില്ല

കോവിഡ് വ്യാപനത്തിനടയിൽ ആശ്വാസമായി ഒരു പഠന റിപ്പോർട്ട്. രാജ്യത്ത് പടര്‍ന്ന കൊറോണ വൈറസിന് ജനിതക പരിവര്‍ത്തനം (മ്യൂട്ടേഷന്‍) സംഭവിച്ചിട്ടില്ലെന്ന് പഠനം. ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ള കൊറോണ വൈറസ് സ്ഥിര സ്വഭാവം പുലര്‍ത്തുന്നതും പരിവര്‍ത്തനം വരാത്തതുമാണെന്ന് പഠനത്തിൽ വ്യക്തമായി. ഐസിഎംആറും ബയോ ടെക്‌നോളജി വകുപ്പും നടത്തിയ രണ്ട് പഠനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.പ്രധാനമന്ത്രിയുടെ ഓഫിസും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജനിതക മാറ്റം ഇല്ലാത്തത് കൊണ്ട് തന്നെ പ്രതിരോധ മരുന്ന് ഗവേഷണത്തിന് കൂടുതൽ ഗുണകരമാകും.
നിലവില്‍ രാജ്യത്ത് മൂന്ന് വാക്‌സിനുകളുടെ ഗവേഷണമാണ് പുരോഗമിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ഇവയില്‍ രണ്ടെണ്ണം രണ്ടാം ഘട്ടത്തിലും ഒരെണ്ണം മൂന്നാം ഘട്ടത്തിലുമാണ്. വാക്‌സിന്‍ തയ്യാറാവുന്ന മുറയ്ക്ക് എത്രയും വേഗം ജനങ്ങളിലെത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ്, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് മാതൃകയില്‍ വാക്‌സിന്‍ വിതരണത്തിന് സംവിധാനമൊരുക്കണം. രാജ്യത്തിന്റെ ഭൂമിശാസ്ത്ര വൈവിധ്യവും വ്യാപ്തിയും പരിഗണിച്ചുവേണം വിതരണ പദ്ധതികള്‍ തയ്യാറാക്കാനെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൊറോണ വൈറസിന് പരിവര്‍ത്തനം സംഭവിച്ചതായി അമേരിക്കയിലെ ഹൂസ്റ്റണില്‍ നടത്തിയ പഠനത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു.കൊറോണ വൈറസിന്റെ 5000ത്തിലധികം ജനിതക ശ്രേണികള്‍ ഉപയോഗിച്ചുനടത്തിയ പഠനത്തിലൊടുവിലാണ് കൊറോണ വൈറസിന് പരിവര്‍ത്തനം സംഭവിച്ചതായി വ്യക്തമായത്. പരിവര്‍ത്തനം വൈറസിനെ കൂടുതല്‍ മാരകമാക്കുകയോ ക്ലിനിക്കല്‍ ഫലങ്ങളില്‍ മാറ്റമുണ്ടാക്കുകയോ ചെയ്തിട്ടില്ലെങ്കിലും വ്യാപന ശേഷി വര്‍ധിചത് ആശങ്കക്കിടയാക്കിയിരുന്നു. അമേരിക്കയില്‍ പെട്ടെന്നുള്ള രോഗ പടര്‍ച്ചയുടെ കാരണം വൈറസിന്റെ പരിവര്‍ത്തനമാണെന്നും ഇനിയും ഇത്തരം മാറ്റങ്ങള്‍ സംഭവിച്ചേക്കാമെന്നുമായിരുന്നു പഠനഫലം. വൈറസിന്റെ ആദ്യ ബാച്ചിലെ ശ്രേണികളെക്കുറിച്ച് യു.കെയിലെ ശാസ്ത്രജ്ഞരും സമാന പഠനഫലം പ്രസിദ്ധീകരിച്ചിരുന്നു. വൈറസുകളില്‍ പരിവര്‍ത്തനം സംഭവിച്ചാല്‍ വാക്‌സിനുകളും മരുന്നുകളും ഫലിക്കാത്ത സാഹചര്യവും ഉണ്ടാകും. അതോടെ നിലവില്‍ നടക്കുന്ന കോവിഡ് ഗവേഷണങ്ങളെല്ലാം വെറുതെയാകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യയില്‍ അത്തരം സാഹചര്യങ്ങളിലെന്നാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് വാക്‌സിന്‍ ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കും.