Latest NewsNationalNewsUncategorized

കൊറോണ വ്യാപനം: രാജ്യത്തെ ജയിലുകളിലെ തിരക്ക് നിയന്ത്രിക്കാൻ പരോൾ അനുവദിക്കണമെന്ന് നിർദേശിച്ച്‌ സുപ്രീകോടതി

ന്യൂഡെൽഹി: കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്തെ ജയിലുകളിലെ തിരക്ക് നിയന്ത്രിക്കാൻ പരോൾ അനുവദിക്കണമെന്ന് നിർദേശിച്ച്‌ സുപ്രീകോടതി. ഇതുസംബന്ധിച്ച നിർദേശങ്ങൾ അടങ്ങിയ ഉത്തരവും സുപ്രീംകോടതി ഇറക്കി. നേരത്തെ പരോൾ ലഭിച്ചവർക്ക് 90 ദിവസം കൂടി പരോൾ അനുവദിക്കാനും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ തവണ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവരുടെ അപേക്ഷ വീണ്ടും ഉന്നത അധികാര സമിതി പരിഗണിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതിനുള്ള വ്യവസ്ഥ ഉന്നത അധികാര സമിതിക്ക് തീരുമാനിക്കാം. ഉന്നതാധികാര സമിതിയുടെ തീരുമാനങ്ങൾ സർകാരിന്റെയും ഹൈക്കോടതികളിലൂടെയും സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റികളുടെയും വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഉന്നതാധികാര സമിതി നിലവിലില്ലാത്ത സംസ്ഥാനങ്ങളിൽ ഉടൻ സമിതി രൂപീകരിക്കണമെന്നും സുപ്രീ കോടതി നിർദേശിച്ചു.

ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള പ്രത്യേക നിർദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. കൊറോണയുടെ ഒന്നാം തരംഗ സമയത്ത് ജയിൽ മോചനം ഉൾപെടെ അനുവദിക്കുന്നതിനെ കുറിച്ച്‌ തീരുമാനം എടുക്കാൻ എല്ലാ സംസ്ഥാനങ്ങളിലും ഉന്നത അധികാര സമിതി രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു.

ഇതനുസരിച്ച്‌ രൂപികൃതമായ ഉന്നതാധികാര സമിതി കഴിഞ്ഞ വർഷം ജയിലിൽ നിന്ന് പുറത്ത് പോകാൻ അനുമതി ലഭിച്ചവർക്ക് വീണ്ടും അടിയന്തിരമായി പുറത്ത് ഇറങ്ങാനുള്ള നടപടി സ്വീകരിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്നവർക്ക് ലോക്ഡൗൺ, കർഫ്യൂ എന്നിവയുടെ പശ്ചാത്തലത്തിൽ യാത്രാ സൗകര്യം ഒരുക്കാനും ജയിൽ അധികൃതരോട് കോടതി നിർദേശിച്ചു. ജാമ്യത്തിലോ, പരോളിലോ വിടാൻ കഴിയാത്തവർക്ക് മെച്ചപ്പെട്ട വൈദ്യ സഹായവും ചികത്സയും ഉറപ്പാക്കണം. ജയിൽ പുള്ളികളെയും ജയിൽ ജീവനക്കാരെയും കൃത്യമായ ഇടവേളകളിൽ പരിശോധനയ്ക്ക് വിധേയമാക്കണം എന്നും സുപ്രീം കോടതി നിർദേശിച്ചു.

നിലവിൽ രാജ്യത്തെ ജയിലുകളിൽ നാല് ലക്ഷത്തിൽ അധികം ജയിൽ പുള്ളികളാണുള്ളത്. ജയിലുകൾ നിറയുന്നത് ഇന്ത്യ ഉൾപെടെ ഉള്ള രാജ്യങ്ങളെ പകർച്ചവ്യാധി പോലെ ബാധിക്കുന്ന വിഷയമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. ഡെൽഹി മാതൃകയിൽ ജയിലിൽ പാർപിച്ചിരിക്കുന്നവരുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളും വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button