Editor's ChoiceKerala NewsLatest NewsLocal NewsNationalNews

സെക്രട്ടറിയേറ്റിലേക്കാണോ ? ഉള്ളിൽ പിടിയുണ്ടെങ്കിൽ പോയാൽ മതി, ഗേറ്റുമുതൽ കടക്കുപുറത്ത് പരിഷ്‌കാരം.

തിരുവനന്തപുരം / ഉള്ളില്‍ നല്ല പിടിയില്ലെങ്കിൽ ഒരാൾക്കും സെക്രട്ടറിയേറ്റിലേക്ക് കയറാനാവില്ല. സെക്രട്ടറിയേറ്റിലേക്ക് ആരും വരേണ്ട എന്നാണോ,പിടിപാടുള്ളവർ മാത്രം വന്നാൽ മതിയെന്നാണോ, എന്താണ് സർക്കാരിന്റെ ഉദ്ദേശമെന്ന് അറിയില്ല. ഏതായാലും എന്ത് കാര്യത്തിന് വേണ്ടി ആണേലും പിടിപാടുള്ളവര്‍ക്ക് മാത്രമെ ഇനി സെക്രട്ടറിയേറ്റിനകത്തേക്ക് കടക്കാനാകൂ. അല്ലെങ്കിൽ ചുറ്റുമുള്ള റോഡിൽ നിന്ന് സെക്രട്ടേറിയറ്റ് ഒന്ന് നോക്കി കണ്ട് തിരികെ പോകാം. മാറിയും തിരിഞ്ഞും വിവിധ സർക്കാരുകൾ ഭരിച്ചിരുന്നപ്പോഴൊക്കെ ജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും കയറിച്ചെന്നു പരിഹാരം തേടാന്‍ സൗകര്യമുണ്ടായിരുന്ന ഭരണസിരാ കേന്ദ്രത്തിന്റെ ദുർ ഗതിയാണിത്. പുതിയ ഭരണ പരിഷ്‌ക്കാരത്തിന്റെ ഭാഗമായി കടക്കുപുറത്ത് പരിഷ്‌കാരം സെക്രട്ടറിയേറ്റ് ഒന്നടങ്കം നടപ്പാക്കിയിരിക്കുകയാണ് സർക്കാർ.

തെക്കേ ഗേറ്റില്‍ ആവട്ടെ സൂക്ഷ്മപരിശോധന ഏർപ്പെടുത്തി. അതീവ സുരക്ഷയാണ് സെക്രട്ടേറിയറ്റിന്റെ നാല് ഗേറ്റിലും ഇപ്പോൾ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സമരഗേറ്റ് ആവട്ടെ പൂട്ടികെട്ടി. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ കണ്‍ഡോന്‍മെന്‍റ് ഗേറ്റിലൂടെ വരാനും പോകാനാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. വൈഎംസിഎ ഗേറ്റില്‍ കൂടി വാഹനങ്ങള്‍ക്ക് അകത്തേക്ക് ഉണ്ടായിരുന്ന പ്രവേശനം നിർത്തി.

സെക്രട്ടേറിയറ്റിലെ ഗേറ്റിൽ എത്തുന്നവർക്ക്, സെക്രട്ടേറിയറ്റിനുള്ളില്‍ നിന്ന് ആരെങ്കിലും സെക്യൂരിറ്റി ഗേറ്റില്‍ വിളിച്ച് ശുപാര്‍ശ ചെയ്താല്‍ ഉള്ളിലേക്ക് പോകാം. ഉള്ളിൽ നിന്നുള്ള അനുമതി ഇല്ലാതെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അകത്തേക്ക് കടത്തിവിടില്ലെന്നു ചുരുക്കം. സന്ദര്‍ശകന്‍റെ പേരും മൊബൈല്‍ നമ്പരും ഒപ്പും രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഗേറ്റ് കടന്ന് സെക്രട്ടേറിയറ്റിന്‍റെ വിവിധ സെക്ഷനുകളിലേക്ക് പോകണമെങ്കില്‍ പിന്നെയും കടമ്പകൾ ഉണ്ട്. പൊതുജനങ്ങളെ മാത്രമല്ല, ജീവനക്കാരെയും പോലും ഗേറ്റിലും, ഗേറ്റു കടന്നു ഉള്ളിലെത്തിയാലും തടഞ്ഞു നിർത്തുകയാണ്. ആർക്കും കര്‍ശന പരിശോധന തന്നെ.

സെക്രട്ടേറിയറ്റിൽ ഏർപ്പെടുത്തിയിരിക്കുന്ന പുതിയ കടക്കുപുറത്ത് പരിഷ്‌കാരം മൂലം വിവിധ ആവശ്യങ്ങള്‍ക്കായി സെക്രട്ടേറിയറ്റില്‍ എത്തുന്നവര്‍ അകത്തുകടക്കാനാകാതെ അക്ഷരാർത്ഥത്തിൽ വലയുകയാണ്. മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാന്‍ മുതല്‍ പല പരാതികളുടെയും നിലവിലെ സ്ഥിതി അറിയാന്‍ വരെ നൂറുകണക്കിന് പേരാണ് നിത്യവും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തി വന്നിരുന്നത്. ഇവരെല്ലാം അടങ്ങുന്ന പൊതു ജനത്തെ ഭരണ സിരാകേന്ദ്രത്തിൽ നിന്ന് അകത്തി നിർത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണെന്നു വേണം കരുതാൻ. സെക്രട്ടേറിയേറ്റിന്‍റെ ഗേറ്റുകളിലെത്തി നിരാശരായി മടങ്ങുന്നവർ ഇവിടെ നിത്യ കാഴ്ചയായിരിക്കുകയാണ്.

​അത്യാവശ്യ കാര്യത്തിനായി എത്തിയതെന്ന് പറയുന്ന സാധാരണ ജനത്തോട് സെക്രട്ടേറിയറ്റിലെ ചില സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊട്ടിത്തെറിച്ച് കൊണ്ട് മോശമായിട്ടാണ് പെരുമാറുന്നത്. തങ്ങള്‍ക്കെതിരേ പരാതി കൊടുത്താലും ഒന്നുമില്ലെന്ന വാശിയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത്. സെക്രട്ടേറിയറ്റിൽ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്നുള്ള സംഭവങ്ങളുടെ തുടര്‍ച്ചയാണ് സെക്രട്ടേറിയറ്റിനുള്ളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ആദ്യം ഏർപ്പെടുത്തുന്നത്. ഇന്നിപ്പോൾ അക്രെഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെ പോലും ഗേറ്റുകളില്‍ സുരക്ഷാ ജീവനക്കാര്‍ തടയു ന്ന അവസ്ഥയാണ് ഉള്ളത്.ധനമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് കഴിഞ്ഞ ദിവസം എത്തിയ മാധ്യമപ്രവര്‍ത്തകരെ പോലും ഗേറ്റില്‍ തടഞ്ഞുനിര്‍ത്തിയ സംഭവം ഉണ്ടായി. തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ വിവാദ സംഭവങ്ങളുമായി ബന്ധപ്പെട്ട സർക്കാർ രേഖകൾ പുറത്ത് പോകുമോ എന്ന ഭയമാണ് കടക്കുപുറത്ത് പരിഷ്‌കാരം സെക്രട്ടറിയേറ്റ് ഒന്നടങ്കം നടപ്പാക്കിയിരിക്കുന്നതിന് കാരണമെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button