റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരാൻ റിസർവ് ബാങ്ക് തീരുമാനിച്ചു. ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിനുശേഷം, റിപ്പോ നിരക്ക് 5.5% എന്ന നിലയിൽ നിലനിർത്തുന്നതായി ആർബിഐ അറിയിച്ചു. ഫെബ്രുവരി മുതൽ മൂന്ന് ഘട്ടങ്ങളിലായി 100 ബേസിസ് പോയിന്റ് കുറച്ചതിന് ശേഷമാണ് ഈ തീരുമാനം.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ആർബിഐയുടെ തീരുമാനം പ്രത്യേക ശ്രദ്ധ നേടുന്നത്. ഓഗസ്റ്റ് 7 മുതൽ ഇന്ത്യൻ ഇറക്കുമതികൾക്ക് 25% തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം വിദേശ വ്യാപാരത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ച സാഹചര്യത്തിലാണ് എംപിസി യോഗം ചേർന്നത്.
പുതിയ താരിഫ് നടപടികൾ മൂലമുള്ള അനിശ്ചിതത്വം നിലനിന്നിട്ടും, 2025–26 സാമ്പത്തിക വർഷത്തേക്കുള്ള ജിഡിപി വളർച്ചാ പ്രവചനം 6.5% എന്ന നിലയിൽ തുടരാൻ എംപിസി തീരുമാനിച്ചു. ആദ്യ പാദത്തിൽ 6.5%, രണ്ടാം പാദത്തിൽ 6.7%, മൂന്നാം പാദത്തിൽ 6.6%, നാലാം പാദത്തിൽ 6.3% വളർച്ച പ്രതീക്ഷിക്കുന്നുവെന്നും 2026–27 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ വളർച്ച 6.6% ആയിരിക്കുമെന്നുമാണ് പ്രവചനം.
ഭൗമരാഷ്ട്രീയ സംഘർഷങ്ങളും നികുതി വർധനവുമായി ബന്ധപ്പെട്ട ആശങ്കകളും ഉണ്ടായിട്ടും ജൂൺ, ജൂലൈ മാസങ്ങളിൽ സാമ്പത്തിക പ്രവർത്തനം സ്ഥിരത പുലർത്തിയതായി ആർബിഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഭക്ഷ്യവസ്തുക്കളുടെ വില, പ്രത്യേകിച്ച് പച്ചക്കറികളുടെ വില, അസ്ഥിരമായതിനാൽ 2026 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ പണപ്പെരുപ്പം ഉയരാൻ സാധ്യതയുണ്ടെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
2026 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 3.1% ആയിരിക്കുമെന്ന് ആർബിഐ പ്രവചിക്കുന്നു, ഇത് ജൂണിൽ ഉണ്ടായിരുന്ന 3.70% പ്രവചനത്തേക്കാൾ കുറവാണ്. എന്നാൽ 2027 സാമ്പത്തിക വർഷത്തിൽ സിപിഐ 4.9% ആയി തുടരുമെന്നും, ഇത് ആർബിഐയുടെ 4% ലക്ഷ്യത്തിന് മുകളിലായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Tag; Repo rate to remain at 5.5%; move in wake of Trump’s tariff threats