ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും സംഭവിച്ച പ്രദേശങ്ങളിൽ പരിക്കേറ്റവരിൽ നിന്നുള്ള ആദ്യ സംഘത്തെ ഡെറാഡൂണിലേക്ക് കൈമാറി. ഇപ്പോഴും കാണാതായവർക്കായി രക്ഷാപ്രവർത്തനം ശക്തമാക്കുകയാണ്. പ്രത്യേക പരിശീലനം ലഭിച്ച നായകളും കരസേനയുടെ ഹെലികോപ്റ്ററുകളും തിരച്ചിലിനായി വിന്യസിച്ചിരിക്കുകയാണ്.
മലയാളികളായ 28 പേർ ഉൾപ്പെടെ നിരവധി പേർ ഗംഗോത്രിയിലെ ക്യാമ്പിൽ കുടുങ്ങിയിരിക്കുകയാണ്. ഇവരെ എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുന്നു. ഉത്തരകാശിയിലെ 12 ഗ്രാമങ്ങൾ താത്കാലികമായി ഒറ്റപ്പെട്ടിരിക്കുകയാണ്. മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമാണ് ഇവിടങ്ങളിലെ പ്രധാന തടസ്സം. ദേശീയപാത പലഭാഗങ്ങളിലും തകർന്ന നിലയിലാണ്. നിലവിൽ എൻഡിആർഎഫിന്റെ മൂന്ന് പുതിയ സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനായി എത്തിക്കാനുള്ള നടപടികളാണ് നടക്കുന്നത്. ധരാലിയിൽ കെട്ടിടങ്ങൾ മണ്ണിനടിയിലായി. ആശയവിനിമയത്തിനായി സാറ്റലൈറ്റ് ഫോണുകൾ വിന്യസിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി കഴിഞ്ഞ ദിവസം തന്നെ ദുരന്തബാധിതമായ ധരാലി ഗ്രാമം സന്ദർശിച്ചിരുന്നു. ഇനിയും കൂടുതൽ സഹായം എത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുന്നു.
Tag: Rescue operations intensify in Uttarakhand: First team reaches Dehradun