അഫ്ഗാനിൽ ഭൂചലനത്തിൽ പരിക്കേറ്റ സ്ത്രീകളെ തിരിഞ്ഞുനോക്കാതെ രക്ഷാപ്രവർത്തകർ;കാരണം താലിബാൻ നിയമം

അടുത്ത ബന്ധുക്കളല്ലാത്ത പുരുഷന്മാരുമായി സ്ത്രീക്ക് ശാരീരിക സമ്പര്‍ക്കം പാടില്ലെന്ന നിയമത്തെ തുടര്‍ന്ന് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ കുടുങ്ങി കിടക്കുന്നത് നിരവധി സ്ത്രീകൾ എന്ന് റിപ്പോർട്ട് . 1,400-ലധികം പേരുടെ മരണത്തിന് കാരണമായ ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്, ദുരിതാശ്വാസ പ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിയാത്ത ഒറ്റപ്പെട്ട പ്രദേശങ്ങളിൽ എണ്ണമറ്റ ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുനുണ്ട് . താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാനിൽ നിലനിൽക്കുന്ന ലിംഗവിവേചനം പ്രകൃതിദുരന്തത്തെക്കാൾ വലിയ പ്രതിസന്ധിയാണ് രക്ഷാപ്രവർത്തനത്തിന് ഉണ്ടാക്കിയത്.
കഴിഞ്ഞ നാലു വർഷമായി കർശനമായ നിയന്ത്രണങ്ങളാണ് രാജ്യത്തെ സ്ത്രീകൾ നേരിടുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ ഉണ്ടായിരുന്ന സ്ത്രീകളെ സഹായിക്കാൻ ആരും തയ്യാറായില്ലെന്നും എന്തെങ്കിലും സഹായം വേണമെന്ന് ചോദിച്ച് ആരും അവരെ സമീപിച്ചതുപോലുമില്ലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു . പുരുഷ രക്ഷാപ്രവര്‍ത്തകര്‍ സ്ത്രീകളെ തൊടുന്നത് വിലക്കുന്നതിനാല്‍, പലപ്പോഴും സ്ത്രീകളെയാണ് ഏറ്റവും അവസാനം രക്ഷപ്പെടുത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കുനാർ പ്രവിശ്യയിലെ അൻഡാർലക് ഗ്രാമത്തിൽ, അടിയന്തര സംഘം പരിക്കേറ്റ പുരുഷന്മാരെയും കുട്ടികളെയും വേഗത്തിൽ പുറത്തെടുത്ത് അവരുടെ മുറിവുകൾക്ക് ചികിത്സ നൽകിയെന്ന് 19 വയസ്സുള്ള ശ്രീമതി ആയിഷ പറഞ്ഞു. എന്നാൽ അവരും മറ്റ് സ്ത്രീകളും കൗമാരക്കാരായ പെൺകുട്ടികളും, അവരിൽ ചിലർ രക്തസ്രാവമുണ്ടായിട്ടും, മാറ്റി നിർത്തി.
താലിബാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന കര്‍ശനമായ സാംസ്‌കാരികവും മതപരവുമായ നിയമങ്ങള്‍ പ്രകാരം, ഒരു സ്ത്രീയുടെ അടുത്ത പുരുഷ ബന്ധുവിന്- അച്ഛന്‍, സഹോദരന്‍, ഭര്‍ത്താവ് അല്ലെങ്കില്‍ മകന്‍ എന്നിവര്‍ക്ക്- മാത്രമേ സ്പര്‍ശിക്കാന്‍ അനുവാദമുള്ളൂ. കുടുംബത്തിന് പുറത്തുള്ള പുരുഷന്മാരെ സ്പര്‍ശിക്കുന്നതില്‍നിന്ന് സ്ത്രീകളെയും വിലക്കിയിരിക്കുന്നു.
വനിതാ രക്ഷാപ്രവര്‍ത്തകരുടെ അഭാവത്തില്‍ ഈ നിയമം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. മെഡിക്കല്‍ വിദ്യാഭ്യാസത്തിലും മറ്റ് പൊതുരംഗങ്ങളിലും സ്ത്രീകള്‍ക്ക് താലിബാന്‍ ഏര്‍പ്പെടുത്തിയ വിലക്കിന്റെ അനന്തരഫലമാണിത്. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ സ്ത്രീകളെ ചിലപ്പോള്‍ ഉപേക്ഷിക്കുകയും മരിച്ചവരെ പുറത്തെടുക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ക്ക് സഹായം വാഗ്ദാനം ചെയ്യുകയോ അവര്‍ക്ക് എന്ത് വേണമെന്ന് ചോദിക്കുകയോ അവരെ സമീപിക്കുകയോ ചെയ്തില്ല. ചില സന്ദര്‍ഭങ്ങളില്‍, അയല്‍പ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ സഹായത്തിനെത്തുന്നത് വരെ സ്ത്രീകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ തന്നെ കിടന്നു.
പുരുഷ ബന്ധുക്കളാരും സമീപത്ത് ഇല്ലായിരുന്നെങ്കിൽ, രക്ഷാപ്രവർത്തകർ മരിച്ച സ്ത്രീകളെ അവരുടെ ചർമ്മത്തിൽ സ്പർശിക്കാതിരിക്കാൻ അവരുടെ വസ്ത്രങ്ങൾ പിടിച്ച് വലിച്ചിഴച്ചാണ് പുറത്തു എടുത്തത് .
വനിതാ ആരോഗ്യപ്രവര്‍ത്തകരുടെ കടുത്ത ക്ഷാമം ഭൂകമ്പം ബാധിച്ച പ്രദേശങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. 2023-ല്‍ സ്ത്രീകള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ചേരുന്നത് താലിബാന്‍ നിരോധിച്ചതിനെത്തുടര്‍ന്ന്, വനിതാ ഡോക്ടര്‍മാരും നഴ്സുമാരും, പ്രത്യേകിച്ച് ഗ്രാമീണ, ദുരന്തബാധിത പ്രദേശങ്ങളില്‍ വിരളമാണ്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍, അവരുടെ പ്രതിനിധി സന്ദര്‍ശിച്ച ഒരു ആശുപത്രിയില്‍ ഒരു വനിതാ ജീവനക്കാരി പോലും ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.