”കരൂർ ദുരന്തത്തിനുള്ള ഉത്തരവാദിത്വം വിജയുടെ മാത്രമല്ല, നമ്മളൊക്കെ അതിന്റെ ഭാഗമാണ്”; നടൻ അജിത് കുമാർ

കരൂർ ദുരന്തത്തിനുള്ള ഉത്തരവാദിത്വം വിജയുടെ മാത്രമല്ല, നമ്മളൊക്കെ അതിന്റെ ഭാഗമാണെന്ന് തമിഴ് നടൻ അജിത് കുമാർ. “ഒരു പരിപാടിയിലേക്ക് ആയിരങ്ങൾക്കണക്കിന് ആളുകളെ ആകർഷിക്കാനുള്ള മത്സരമാണിപ്പോൾ നടക്കുന്നത്. ജനങ്ങളുടെ സ്നേഹത്തിന് വേണ്ടിയാണ് നാം കഷ്ടപ്പെടുന്നത്. ആരുടെയും ജീവൻ അപകടത്തിലാക്കാനല്ല,” എന്നും അദ്ദേഹം വ്യക്തമാക്കി. ‘ദ ഹോളിവുഡ് റിപോർട്ടർ ഇന്ത്യ’യോട് നടത്തിയ അഭിമുഖത്തിലാണ് അജിത് പ്രതികരിച്ചത്. “ഞാൻ ഒരാളെയും മാത്രമായി കുറ്റപ്പെടുത്തുന്നില്ല. തമിഴ്നാട്ടിലെ എല്ലാം ആ ദുരന്തത്തോടെ തന്നെ മാറിമറിഞ്ഞു. അത് ഒരു വ്യക്തിയുടെ മാത്രം തെറ്റല്ല, നമ്മളെല്ലാവർക്കും അതിൽ പങ്കുണ്ട്. ഇത്തരം ജനക്കൂട്ട പ്രദർശനങ്ങൾ അവസാനിക്കേണ്ട സമയം ഇതാണ്. ക്രിക്കറ്റ് മത്സരങ്ങളിലും വലിയ ആൾക്കൂട്ടം ഉണ്ടാകാറുണ്ട്, പക്ഷേ എന്തുകൊണ്ട് ഇത്തരത്തിലുള്ള അപകടങ്ങൾ സിനിമാ ലോകത്താണ് സംഭവിക്കുന്നത്? അത് ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് തന്നെ ഒരു നാണക്കേടാണ്,” എന്നും അദ്ദേഹം പറഞ്ഞു.
“കുടുംബത്തിൽ നിന്ന് അകന്ന് ഉറക്കമില്ലാതെ ജോലി ചെയ്യുന്നവരാണ് നാം. സിനിമയുടെ പേരിൽ അപകടം വകവെയ്ക്കാതെ ഷൂട്ട് ചെയ്യുന്നവരാണ്. അത് ജനങ്ങളുടെ സ്നേഹത്തിനുവേണ്ടിയാണ്, ആരുടേയും ജീവൻ അപകടത്തിലാക്കാനല്ല,” എന്നും അജിത് കൂട്ടിച്ചേർത്തു. അന്ന് സംഭവിച്ച ദുരന്തം തന്നെ പൂർണമായും തളർത്തിയതായി അജിത് വെളിപ്പെടുത്തി.
അതേസമയം, കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ച് നടൻ വിജയ് നേരത്തേ രംഗത്തെത്തിയിരുന്നു. ദുരന്തബാധിതരുടെ ബന്ധുക്കളുമായി മഹാബലിപുരത്ത് കൂടിക്കാഴ്ച നടത്തിയ വിജയ്, “ഇവർക്ക് എപ്പോഴും പിന്തുണയോടെ ഉണ്ടാകും” എന്ന് ഉറപ്പുനൽകിയിരുന്നു. അപകടത്തിന് ഏകദേശം ഒരു മാസം കഴിഞ്ഞാണ് വിജയ് ബന്ധുക്കളെ കണ്ടത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം അദ്ദേഹം മുൻകൂട്ടി നൽകിയിരുന്നു. ആദ്യമായി കരൂർ സന്ദർശിക്കാത്തത് വിമർശനങ്ങൾക്ക് ഇടയായതോടെ, ദുരന്തബാധിതരെ മഹാബലിപുരത്തിലേക്ക് വിളിച്ച് നേരിൽ ആശ്വസിപ്പിക്കുകയായിരുന്നു വിജയ്.
Tag: responsibility for the Karur tragedy is not only Vijay’s, we are all a part of it Actor Ajith Kumar



