keralaKerala NewsLatest News

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കുന്നു. കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് സർക്കാർ പുതിയ വിഭവങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

ആഴ്ചയിൽ ഒരുദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉൾപ്പെടുത്തണം. ഇതോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത ചമ്മന്തിയും നൽകണം. മറ്റ് ദിവസങ്ങളിൽ റാഗി പോലുള്ള ചെറുധാന്യങ്ങൾ ഉപയോഗിച്ചുള്ള പായസമോ വ്യത്യസ്ത വിഭവങ്ങളോ ഒരുക്കണമെന്നും നിർദേശമുണ്ട്. മാസത്തിലെ 20 ദിവസത്തെ ഭക്ഷണപ്പട്ടിക സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ദിവസവും 6.78 രൂപയും, ആറുമുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് 10.17 രൂപയും അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ നടപ്പാക്കലിന് സ്ഥാപനങ്ങളുടെയും സ്പോൺസർമാരുടെയും സഹകരണം ഉറപ്പാക്കണമെന്നു സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാന സ്കൂളുകളിലെ വേനലവധി മഴക്കാലത്തേക്ക് മാറ്റണമോ എന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ചോദ്യത്തിന് മികച്ച പൊതുജന പ്രതികരണം ലഭിച്ചു. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ആറായിരത്തിലധികം പേർ കമന്റിലൂടെ പ്രതികരിച്ചു. ഏപ്രിൽ–മെയ് മാസങ്ങളിലല്ല, പകരം ജൂൺ–ജൂലൈ മാസങ്ങളിൽ അവധി നൽകുന്നതിനെ പിന്തുണയ്ക്കുന്നവരാണ് ഭൂരിപക്ഷം.

എന്നാൽ, വേനൽക്കാലത്ത് ക്ലാസുകൾ നടത്തുന്നതിന്റെ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ സോഷ്യൽ മീഡിയയിൽ ചിലർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പൊതുജനാഭിപ്രായം തേടിയുള്ള മന്ത്രിയുടെ സമീപനത്തെ പലരും പ്രശംസിക്കുന്നുവെങ്കിലും, പ്രതിപക്ഷ അധ്യാപക സംഘടനകൾ സർക്കാർ നിർദേശത്തെ വിമർശിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് തെറ്റാണെന്ന് KPSTA, AHSTA തുടങ്ങിയ സംഘടനകൾ വ്യക്തമാക്കി.

Tag: Revised lunch menu to be implemented in public schools in the state from today

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button