ഭക്ഷ്യ കിറ്റ് നൽകി, മതപരമായ ആഘോഷങ്ങൾ നിർത്തി; കേരളത്തെ മാതൃകയാക്കണമെന്ന് റിച്ച ഛദ്ദ
മുംബൈ: കോവിഡ് പ്രതിസന്ധിയിൽ കേരളത്തെ പ്രശംസിച്ച് ബോളിവുഡ് നടി റിച്ച ഛദ്ദ. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ മറ്റുള്ള സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണമെന്നും നടി പറഞ്ഞു. കേരളത്തിൽ കോവിഡ് വ്യാപനം കൂടുന്നുണ്ടെങ്കിലും മരണ നിരക്ക് വളരെ കുറവാണെന്ന ട്വീറ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു റിച്ച തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
‘കേരളമാണ് ലക്ഷ്യം. വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരുടെ ക്യാപെയിനിൽ കാര്യമില്ല. കഴിഞ്ഞ വർഷം എല്ലാവർക്കും ഭക്ഷ്യ കിറ്റ് നൽകി. കോവിഡിന്റെ വ്യാപനം കുറച്ചു. മറ്റ് സംസ്ഥാനങ്ങളേക്കാളും പെട്ടന്ന് തന്നെ പഴയ നിലയിലേക്ക് അവർ തിരിച്ചെത്തി . മതപരമായ ആഘോഷങ്ങളെല്ലാം നിർത്തലാക്കി. പ്രതിപക്ഷവുമായി ചർച്ച ചെയ്തുകൊണ്ടാണ് ഇതെല്ലം നടപ്പിലാക്കിയത്.’-റിച്ച ഛദ്ദ ട്വീറ്റ് ചെയ്തു.
കേരളത്തിൽ കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സിനിമാ തിയറ്റർ, ഷോപ്പിങ് മാൾ, ജിംനേഷ്യം, ക്ലബ്, സ്പോർട്സ്, കോംപ്ലകസ്, നീന്തൽക്കുളം, പാർക്ക്, വിദേശ മദ്യശാലകൾ, ബാറുകൾ എന്നിവയുടെ പ്രവർത്തനം തൽതക്കാലം വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.