Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

കോൺഗ്രസിൽ കലാപം, കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ മുരളീധരൻ.

തിരുവനന്തപുരം/ തദ്ദേശ തെര‍ഞ്ഞെടുപ്പിൽ യു ഡി എഫിന് പ്രത്യേകിച്ച് കോൺഗ്രസിനേറ്റ തിരിച്ചടിയെ ചൊല്ലി കോണ്‍ഗ്രസിനുള്ളിൽ കലാപം. കെ മുരളീധരനും കെ സുധാകരനും കെപിസിസി നേതൃത്വത്തിന് എതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയതിനു പിറകെ ലീഗ് നേതൃത്വം കോൺഗ്രസിന്റെ വീഴ്ചക്കെതിരെ രംഗത്ത് വന്നതോടെയാണ് ഇത്. കെപിസിസിയുടെ രാഷ്ട്രീയ കാര്യ സമിതി ചേരുന്നതിനിടെ കലക്കവെള്ളത്തിൽ എങ്ങനെ മീൻ പിടിക്കാനാവുമെന്നു മുരളീധരനും നോക്കുന്നുണ്ട്.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സ്വപ്നത്തിൽ പോലും കിട്ടാത്ത അനുകൂല സാഹചര്യമാണ് കോൺഗ്രസിന് നിലവിൽ ഉണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ പ്രതീക്ഷിച്ച വിജയം കൊയ്യാനാകാത്തതില്‍ കടുത്ത അമർഷമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുള്ളത്. മുതിർന്ന നേതാക്കളുടെ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള വിശകലനത്തെ പരസ്യമായി തള്ളികളഞ്ഞു കൊണ്ട് കെ മുരളീധരന്‍ എംപി നേതൃത്വത്തിനെതിരെ രാഷ്ട്രീയ വജ്രായുധം തൊടുത്തത് മുല്ലപ്പള്ളിയെയും രമേശ് ചെന്നിത്തലയേയും ലക്ഷ്യമിട്ടായിരുന്നു. പാർട്ടിക്ക് ആവശ്യം മേജർ സർജറിയാണെന്നും എന്നാല്‍ ചെയ്താല്‍ രോഗി മരിക്കുമെന്നതടക്കം കൂരമ്പുകൾ തൊടുത്ത മുരളീധരൻ അണികളെ കൊണ്ട് തനിക്കനുകൂലമായി പോസ്റ്ററുകൾ നിരത്താനും മറന്നില്ല. രണ്ടര പതിറ്റാണ്ടു മുൻപ് യൂത്ത് കോൺഗ്രസ് നേതാവായിരിക്കെ പയറ്റിയ ഗ്രൂപ്പുകളിയുടെ അടവുകളാണ് പൊടിതട്ടിയെടുത്ത് മുരളീധരൻ ഇപ്പോൾ പയറ്റികൊണ്ടിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെ കെ മുരളീധരനെ പിന്തുണച്ച് കോഴിക്കോട് ചില പോസ്റ്ററുകള്‍ രംഗത്തെത്തിയതിനു പിറകെയായിരുന്നു. കെ പി സി സി പ്രസിഡന്റിനെയും, പ്രതിപക്ഷ നേതാവിനെയും ലക്‌ഷ്യം വെച്ച് മുരളീധരൻ ആദ്യ വെടി പൊട്ടിക്കുന്നത്. കെ മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്ററിലുള്ളത്. തിരുവനന്തപുരം ഡിസിസിക്കെതിരെയും യൂത്ത് കോൺഗ്രസിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡിസിസി സീറ്റ് കച്ചവടം നടത്തിയെന്ന് കുറ്റപ്പെടുത്തുന്ന പോസ്റ്ററില്‍ പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനലിനും വി എസ് ശിവകുമാറിനുമെതിരെ വിമര്‍ശനമുണ്ട്.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ കല്ലാമലയില്‍ ഉള്‍പ്പെടെ സീറ്റ് സംബന്ധിച്ച് തര്‍ക്കമുണ്ടായപ്പോള്‍ മുരളീധരന്‍ ഇടപെട്ടിരുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മുരളീധരന്‍ പരസ്യ പ്രതികരണം ഇതിന്റെ പേരിൽ നടത്തുകയായിരുന്നു. യുഡിഎഫിന്‍റെ അടിത്തറക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന മുല്ലപ്പളളിയുടെ പ്രസ്താവനയെ മുരളീധരന്‍ പിന്നീട് പരിഹസി‍ച്ചു. പൂര്‍ണ ആരോഗ്യവാനാണ്, എന്നാല്‍ വെന്‍റിലേറ്ററിലാണ് എന്നു പറയുന്നത് പോലെയാണ് ഈ പ്രസ്താവന എന്നാണ് മുരളീധരന്‍ പ്രതികരിച്ചത്. ഇതിനിടെ കെ മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന പോസ്റ്റർ പലയിടങ്ങളിലും എത്തിക്കൊണ്ടിരുന്നു. ഇന്ദിരയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ, എന്ന പഴയ മുദ്രാവാക്യമാണ് മുരളിയെ പൊക്കി കാണിക്കാൻ മുരളിയുടെ അണികൾ തന്നെ പോസ്റ്റർ ആക്കിയിരിക്കുന്നത്. കലക്കവെള്ളത്തിൽ മീൻ പിടിക്കാനായി, കെ പി സി സി കസേര ലക്‌ഷ്യം വെച്ച് നടത്തുന്ന രാഷ്ട്രീയ നാടകമാണ് മുരളിയുടേതെന്നാണ് മുരളി വിരോധികൾ ഇക്കാര്യത്തെ പറയുന്നത്. വെല്‍ഫെയർ പാർട്ടിയുമായുള്ള നീക്ക് പോക്ക്, കല്ലാമലയിലെ സ്ഥാനാർത്ഥി നിർണയം തുടങ്ങിയ വിവാദങ്ങള്‍ വഷളാക്കിയത് കെപിസിസി അധ്യക്ഷന്റെ നിലപാടുകളാണെന്ന വിമർശനം മുരളീധരന്‍ മുഖ്യമായും പറയുന്നുണ്ട്. പലയിടത്തും സ്ഥാനാർഥി നിർണയം പാളിയപ്പോള്‍ കെപിസിസി നിഷ്ക്രിയമായിരുന്നു. താഴേ തട്ടിലെ പ്രവർത്തനങ്ങളെ ചലിപ്പിക്കാനുള്ള സംഘാടന ശേഷി കോണ്‍ഗ്രസ് നേതൃത്വത്തിന് ഇല്ലാതായിരിക്കുന്നുവന്നു സുധാകരൻ ഉൾപ്പടെയുള്ളവർക്കും ആക്ഷേപം ഉണ്ട്.

തിരുവനന്തപുരം കോർപറേഷനിലെ സ്ഥാനാർഥി നിർണയത്തിൽ പ്രാദേശിക നേതൃത്വത്തിന് തെറ്റ് പറ്റിയെന്നാണ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പ്രതികരിച്ചത്. സ്ഥാനാർഥി പ്രഖ്യാപനത്തിൽ ഡിസിസി ഇടപെട്ടിട്ടില്ല. വോട്ടിങ് ശതമാനം കുറഞ്ഞത് തോൽവിക്ക് കാരണമായെന്നും സനൽ പറയുകയുണ്ടായി. തോൽവിയുടെ പശ്ചാത്തലത്തില്‍ കർഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള രാജ്ഭവൻ മാർച്ച്കോൺഗ്രസ് ഇതൊക്കെ കൊണ്ട് തന്നെ മാറ്റി. ജോസ് കെ മാണിയേയും കൂട്ടരേയും മുന്നണിയില്‍ ഉറപ്പിച്ച് നിർത്താന്‍ കഴിയാതെ പോയതും കനത്ത അടിയായി. ജനങ്ങളുമായി ലവലേശം ബന്ധമില്ലാത്ത വൈറ്റ് കോളർ നേതാക്കൾ പറയുന്നത് ബെന്നി ബഹനാനും, ഉമ്മൻചാണ്ടിയും കേട്ടതാണ് പ്രശ്നങ്ങൾ പുറത്താക്കലിൽ വരെ എത്തിക്കുന്നത്. കോട്ടയം ഡി സി സി ക്ക് അത് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഇടയാക്കി. ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടു പോകുന്നത് തടയാനാകാതിരുന്നതും നേതൃത്വത്തിന്റെ പരാജയമാണെന്ന നിലപാടും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ശക്തമായി. സുധാകരൻ ഇക്കാര്യം വിളിച്ചു പറയുകയും ചെയ്തു. തിരുവനന്തപുരത്തെ ബി ജെ പിയുടെ വളർച്ച കോൺഗ്രസിന്റെ വലിയ വീഴ്‌ചയാണെന്ന് കോൺഗ്രസ് നേതാവും കണ്ണൂർ എം പിയുമായ കെ സുധാകരൻ പറഞ്ഞിട്ടുണ്ട്. ആജ്ഞശക്തിയുളള നേതൃത്വത്തിന്റെ അഭാവമാണ് കെ പി സി സിക്കുള്ളത്. ശുപാർശയ്‌ക്കും വ്യക്തിതാത്പര്യ ങ്ങൾക്കും അതീതമായ നേതൃനിരയാണ് പാർട്ടിക്ക് വേണ്ടത്. സംസ്ഥാനത്തെ നേതാക്കൾക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോൺഗ്രസുകാർ ബി ജെ പിയിലേക്ക് പോകുന്നത് എന്നതടക്കം, ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തല യുടെയും ജില്ലയിൽ കോൺഗ്രസ് പിന്നിലായതിൽ ആത്മപരിശോധന വേണമെന്നും വരെ കെ സുധാകരൻ മനസ് തുറന്നു പറയുകയുണ്ടായി.

നിലവിലെ കെപിസിസി ജംബോ കമ്മറ്റി ആണെന്ന ആക്ഷേപവും ഉണ്ട്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളും വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ സജീവമാവുമെന്നിരിക്കെ,തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിൽ യു.ഡി.എഫിൽ മൊത്തം പരിഹരിക്കേണ്ട വിഷയങ്ങളുണ്ടെന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും, ആരോപണങ്ങൾ ഉന്നയിച്ചാൽ പോരാ, ജനങ്ങളിലെത്തിക്കാനുള്ള സംഘടനാ സംവിധാനം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞു തുടങ്ങിയിരിക്കുന്നു. കുഞ്ഞാലിക്കുട്ടിക്ക് പിറകെ, മുകൾ തട്ടിൽ മാത്രം ഇരുന്നു പ്രവർത്തിച്ചാൽ പോര, കോൺഗ്രസ്‌ താഴെ തട്ടിലിറങ്ങി പ്രവർത്തിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ പറഞ്ഞിരിക്കുന്നതും ഉള്ളിലുള്ള കലാപ സ്വരങ്ങൾക്ക് കനം കൂട്ടാൻ ഇടയാക്കിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button