ടാൻസാനിയയിൽ കലാപം: മരണസംഖ്യ 800 കവിഞ്ഞു, മലയാളികൾ അടക്കം ഇന്ത്യക്കാർ ആശങ്കയിൽ

കിഴക്കൻ ആഫ്രിക്കൻ രാജ്യം ടാൻസാനിയയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെത്തുടർന്ന് ഉണ്ടായ കലാപത്തിൽ മരണസംഖ്യ 800 കടന്നു. മലയാളികൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാർ ഉള്ള രാജ്യത്തിൽ സ്ഥിതി അതീവ രൂക്ഷമാണ്.
പ്രസിഡന്റ് സാമിയ സുലുഹു ഹസ്സൻ 97% വോട്ടുകൾ നേടി വിജയിച്ചതായി പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിപക്ഷം തെരുവിലിറങ്ങി. തിരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് പ്രതിഷേധിച്ചവരോട് സുരക്ഷാസേന വെടിവെച്ചതോടെ നൂറുകണക്കിന് ആളുകൾ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഒക്ടോബർ 29-നാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണലിനിടെ അട്ടിമറി ആരോപണങ്ങൾ ശക്തമായതോടെ പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി വ്യാപിച്ചു. സ്ഥിതി നിയന്ത്രിക്കാൻ സൈന്യത്തെയും വിന്യസിച്ചിരിക്കുകയാണ്.
പലയിടങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ നിലച്ചു, സർവകലാശാലകളുടെ പ്രവർത്തനം നവംബർ 3 വരെ നിർത്തിവെച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും അന്താരാഷ്ട്ര മാധ്യമങ്ങൾ 800-ലേറെ പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്നു.
പ്രതിപക്ഷ നേതാക്കളിൽ പലരും രാജ്യദ്രോഹക്കുറ്റം ചുമത്തി മാസങ്ങളായി ജയിലിലാണ്. തെരഞ്ഞെടുപ്പിൽ പ്രധാന എതിരാളികളെ മത്സരത്തിൽ നിന്ന് വിലക്കിയതോടെ, ഇത് ഒരു ജനാധിപത്യ തിരഞ്ഞെടുപ്പല്ല, മറിച്ച് കിരീടധാരണമാത്രമായിരുന്നു എന്നതാണ് വിമർശനം.
Tag: Riots in Tanzania: Death toll crosses 800, Indians including Malayalis are worried



