കൊവിഡ് രോഗികളുടെ കണക്കില്‍ ഇന്ത്യയെ പിന്തള്ളി അമേരിക്ക

വാഷിങ്ടണ്‍: കൊവിഡ് രോഗികളുടെ കണക്കില്‍ ഇന്ത്യയെ പിന്തള്ളി അമേരിക്ക ഒന്നാം സ്ഥാനത്ത്. നിലവില്‍ ഇന്ത്യയില്‍ കേസ് കുറയുകയും അമേരിക്കയില്‍ വര്‍ധിക്കുകയും ചെയുന്ന സാഹചര്യമാണ്. ഓഗസ്റ്റ് ആറു മുതല്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയായിരുന്നു കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നില്‍.
വ്യാഴാഴ്ച 66,131 കേസുകളാണ് അമേരിക്കയില്‍ സ്ഥിരീകരിച്ചതെന്ന് വേള്‍ഡോ മീറ്ററിന്റെ കണക്കില്‍ പറയുന്നു. വെള്ളിയാഴ്ച 71,687 കേസുകള്‍. ജൂലൈ 31നു ശേഷം ആദ്യമായാണ് യുഎസില്‍ 68,000ല്‍ ഏറെ കേസുകള്‍ ഒരു ദിവസം സ്ഥിരീകരിക്കുന്നതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല ചൂണ്ടിക്കാട്ടുന്നു. നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് കൊവിഡ് കേസുകളുടെ വര്‍ധന യുഎസിനെ പ്രതിസന്ധിയിലാക്കുന്നത്.
സമ്മറിന്റെ പീക്ക് കഴിഞ്ഞ് അന്തരീക്ഷം തണുക്കാന്‍ തുടങ്ങുന്നത് വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ദിനംപ്രതി കേസുകള്‍ വര്‍ധിക്കുകയാണ്. ഈയാഴ്ച ശരാശരി 55,000 പുതിയ കേസുകള്‍ ഒരു ദിവസം യുഎസില്‍ കണ്ടെത്തി. വൈറസിനെ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണ് അമേരിക്കയില്‍. ഇതിനൊപ്പം ശൈത്യകാലം വന്നെത്തുന്നതോടെ അവസ്ഥ ഗുരുതരമാവുമെന്ന് പ്രമുഖ യുഎസ് രോഗപ്രതിരോധ വിദഗ്ധനായ ഡോ. ആന്റണി ഫൗസി മുന്നറിയിപ്പ് നല്‍കി.
ആദ്യ തരംഗത്തിന്റെ പിടിയില്‍ തന്നെയാണ് യുഎസ് എന്നാണ് അദ്ദേഹം പറയുന്നത്. അമേരിക്കയിലെ ഇതവരെയുള്ള രോഗബാധിതരുടെ എണ്ണം 83 ലക്ഷം കടന്നിട്ടുണ്ട്. 2.24 ലക്ഷത്തിലേറെ പേര്‍ വൈറസ് ബാധിച്ചു മരണപ്പെട്ടു. ഇന്ത്യയില്‍ 75 ലക്ഷത്തോളമാണ് മൊത്തം കേസുകള്‍. മരണസംഖ്യ 1.14 ലക്ഷവും. 54 ലക്ഷത്തിലേറെ പേരാണു യുഎസില്‍ രോഗമുക്തരായത്. ഇന്ത്യയെക്കാള്‍ കുറവാണ് യുഎസിലെ രോഗമുക്തര്‍. ഇന്ത്യയില്‍ എട്ടു ലക്ഷത്തില്‍ താഴെ ആക്റ്റിവ് കേസുകളുള്ളപ്പോള്‍ വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം യുഎസില്‍ 26 ലക്ഷത്തിലേറെയാണ് ഇപ്പോഴും രോഗബാധിതരായിട്ടുള്ളവര്‍.