കൊവിഡ് മുക്തിയില്‍ വൻ കുതിപ്പിൽ സംസ്ഥാനങ്ങൾ, കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കേരളത്തെ കാണാനില്ല.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 28,472 രോഗികളാണ് രാജ്യത്ത് ഒറ്റ ദിവസം കൊവിഡ് മുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക് 63 ശതമാനം ആയെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. 19 സംസ്ഥാനങ്ങളിളും കേന്ദ്രഭരണപ്രദേശങ്ങളിലും 63.13 ശതമാനം രോഗമുക്തി നിരക്കുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ സഹിതം പറഞ്ഞിരിക്കുന്നത്.
എന്നാൽ, രോഗമുക്തി നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ പേരില്ല. 84.83 ശതമാനവുമായി രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് കൊവിഡ് മുക്തരായവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. തൊട്ടുപിന്നില്‍ 84.31 ശതമാനവുമായി ലഡാക്ക് രണ്ടാം സ്ഥാനത്തും,തെലങ്കാന 78.37 ശതമാനവുമായി മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ പ്രസ്തുത സംസ്ഥാനങ്ങളുടെ അടുത്ത് പോലും എത്താന്‍ കേരളത്തിന് ആയിട്ടില്ല.
കേരളത്തിന്റെ അയല്‍സംസ്ഥാനമായ തമിഴ്നാട് 70.12 ശതമാനവുമായി രോഗമുക്തി നേടുന്ന സംസ്ഥാനങ്ങള്‍ക്ക് ഇടയില്‍ പത്താം സ്ഥാനത്തുണ്ട്. പിന്നോക്ക സംസ്ഥാനമായ ബീഹാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ കേരളത്തിന്റെ പിന്നോട്ട് പോക്ക് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകും. കൊട്ടിഘോഷിച്ച കേരള മോഡലിനേറ്റ തിരിച്ചടി പ്രതിപക്ഷം ഉയര്‍ത്തി കാട്ടും.
രോഗമുക്തരാകുന്ന രോഗികളുടെ എണ്ണം കേരളത്തില്‍ കുറവാണെന്ന വലിയ ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ പല കൊവിഡ് കേന്ദ്രങ്ങളിലും ഇരുപത് ദിവസത്തിലേറെയാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിനാല്‍ രോഗികള്‍ക്ക് കഴിയേണ്ടി വരുന്നത്. അതിന് പരിഹാരം കാണാനായി, പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി റാപ്പിഡ് ടെസ്റ്റ് നടത്താന്‍ ഇപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.