ബിഹാറിൽ ആർജെഡി നേതാവ് രാജ്കുമാർ റായ് വെടിയേറ്റ് മരിച്ചു
ബിഹാറിൽ ആർജെഡി നേതാവ് രാജ്കുമാർ റായ് വെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാത്രി പട്നയിലെ ചിത്രഗുപ്ത നഗറിലെ മുന്നാചാക് മേഖലയിലാണ് സംഭവം നടന്നത്. അജ്ഞാതരായ രണ്ട് പേർ അദ്ദേഹത്തിനുമേൽ വെടിയുതിർക്കുകയായിരുന്നു.
ദൃക്സാക്ഷികൾ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ രാജ്കുമാർ റായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ആർജെഡി നേതാവിന്റെ വധം നടന്നത്. റായിയെ രാഘോപുര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാൻ പദ്ധതിയുണ്ടായിരുന്നുവെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഭൂമിതർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഭൂമി സംബന്ധമായ വ്യാപാരങ്ങളിലും ഇടപാടുകളിലും സജീവമായിരുന്നു രാജ്കുമാർ റായ്. ഈ പശ്ചാത്തലത്തിലും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
സംഭവസ്ഥലത്തിനു സമീപത്തുനിന്ന് സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പ്രതികളെ കണ്ടെത്താനുള്ള പരിശ്രമം തുടരുകയാണെന്ന് പട്ന കിഴക്കൻ മേഖലാ എസ്പി പരിചയ് കുമാർ അറിയിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകളും ശേഖരിച്ചു.
Tag: RJD leader Rajkumar Rai shot dead in Bihar