ജാതി പറയാൻ എനിക്കൊരു മടിയുമില്ല,രാമൻ പറയൻ എന്നായിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ ജാതി എന്താണെന്ന് പറയാൻ എനിക്കൊരു മടിയുമില്ല. രാമൻ നായർ, രാധാകൃഷ്ണൻ നായർ എന്നൊക്കെ പറയുന്ന പോലെ എന്‍റെ അച്ഛന്‍റെ പേര് രാമൻ പറയൻ എന്നായിരുന്നു. അതിൽ എനിക്കൊരു നാണക്കേടുമില്ല. പട്ടിക ജാതിക്കാരനായ ഒരാളുടെ അവസരം ഇ്ലലാതാക്കൻ ശ്രമിക്കുക, പൊതുജനമധ്യത്തിൽ അവഹേളിക്കുന്ന തരത്തിൽ സംസാരിക്കുക ഇതെല്ലാം അത് ജാതിപീഡനം തന്നെയാണ്. അക്കാദമിക്ക് വിമർശനം ഉണ്ടാകും എന്ന് പറഞ്ഞാൽ, അക്കാദമിയുടെ വേദിയിൽ ഞാൻ നൃത്തം ചെയ്താൽ അവിടെ ചാണകവെള്ളം തളിക്കണമെന്നല്ലേ അതിനർഥം? എനിക്ക് അങ്ങനെയാണ് മനസ്സിലാകുന്നത്. ജാതി പീഡനത്തിനിയായതിന്റെ പേരിൽ ആത്മഹത്യ ശ്രമം നടത്തിയ മലയാളികളുടെ പ്രിയങ്കക്കാരനായിരുന്ന കലാഭവൻ മണിയുടെ സഹോദരൻ ഡോ ആർ എൽ വി രാമകൃഷ്ണന്റെ നൊമ്പരത്തിൽ പൊതിഞ്ഞ പ്രതിഷേധത്തിന്റെ വാക്കുകളാണിത്.
എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് മോഹിനിയാട്ടം എം.എ ഒന്നാംറാങ്കോടെ പാസായി, ആർ.എൽ.വി കോളജിലെ ചരിത്രത്തിൽ തന്നെ ആദ്യമായി പുരുഷ അധ്യാപകനായിരുന്ന,കേരള കലാമണ്ഡലത്തിൽ എം.ഫിൽ പിഎച്ച്ഡിയിൽ ടോപ്സ്കോറർ ആയിരുന്ന രാമകൃഷ്ണൻ എന്ന കലാകാരന്റെ വേദന. സത്രീകളുടെ സൗന്ദര്യത്തിന്‍റെ പ്രദർശനമാണ് മോഹിനിയാട്ടം എന്ന കാഴ്ചപ്പെടുള്ളവരുടെ ഇടയിലേക്ക്ഡോക്ടറേറ്റ് നേടി എത്തിയ രാമകൃഷ്ണനോട് ജാതി വിവേചനം കാണിച്ച അക്കാദമി സെക്രട്ടറിക്ക് ആ കസേരയിൽ ഒരു നിമിഷം പോലും തുടരാൻ അർഹത ഇല്ലെന്നാണ് ആ കലാകാരനോട് കാണിച്ച അനീതി വിളിച്ചു പറയുന്നത്.

അക്കാദമിയുടെ പരിപാടികൾക്ക് പ്രവേശനം എന്നത് എന്നും, ഇപ്പോഴും വർണ്ണ വർഗ്ഗ ജാതി പെരുമകളുടെ കാര്യത്തിൽ
ഒരു ചോദ്യചിഹ്നമായിരുന്നു. സാധാരണമായ സുതാര്യമായ ഇടപാടല്ല അക്കാദമി അതിന് കൈക്കൊണ്ടിട്ടുള്ളത് എന്നത് രാമകൃഷ്ണൻ തിരിച്ചറിയുകയായിരുന്നു. ഏതെങ്കിലും കലാകാരനെ തെരഞ്ഞെടുക്കുന്നതിനുള്ള അംഗീകൃത മാനദണ്ഡങ്ങൾ ഒന്നും അക്കാദമിയിൽ ഇന്നും നിലവിലില്ല. അവിടത്തെ ഭരണസമിതിയിലുള്ള അംഗങ്ങളുടെ ശിഷ്യഗണങ്ങളോ അവരുടെ പരിചയക്കാരോ നേരിട്ട് വിളിച്ച് അവസരങ്ങൾ കൊടുക്കുകയാണ് സ്ഥിരം പതിവ്.
രാമകൃഷ്ണൻ പലതവണ ബയോഡാറ്റ സമർപ്പിച്ചിരുന്നു. പക്ഷെ ഒരു തവണ പോലും വിളിച്ചിട്ടില്ല. കോവിഡ് കാലത്ത് സർഗഭൂമി എന്നു പറയുന്ന പരിപാടിയുണ്ടെന്നും ഷൂട്ടിങ് തുടങ്ങിയെന്നും പത്രത്തിൽ കണ്ടപ്പോൾ ആണ് അതിൽ പങ്കെടുത്താൽ കൊള്ളാമെന്നു രാമകൃഷ്ണൻ ആഗ്രഹിക്കുന്നത്. അതിൽ എങ്ങനെ പങ്കെടുക്കണം എന്നറിയാനായി കെ പി എ സി ലളിതയെ വിളിച്ചു. ശിപാർശക്ക് വേണ്ടിയായിരുന്നില്ല അത്. എങ്ങനെയാണ് പങ്കെടുക്കുക എന്നറിയാനായാണ് ലളിത ചേച്ചിയെ വിളിച്ചത് എന്നാണു രാമകൃഷ്ണൻ പറയുന്നത്. ലളിതചേച്ചി അപേക്ഷ കൊടുക്കണം എന്ന് പറഞ്ഞു. അങ്ങനെയാണ് രാമകൃഷ്ണൻ നേരിട്ട് അപേക്ഷ കൊണ്ടുപോയി കൊടുക്കാൻ വേണ്ടി സംഗീത നാടക അക്കാദമിയിലെത്തുന്നത്. വളരെ മോശം അനുഭവമായിരുന്നു അവിടെ രാമകൃഷ്ണന് നേരിടേണ്ടി വന്നത്.
ഓഫിസിലെ മനോജ്കുമാർ എന്ന വ്യക്തി ചോദ്യമുനകളിൽ നിർത്തി ഭയങ്കമായ ഇന്‍റർവ്യൂ തന്നെ നടത്തി. ഭരതമുനിയാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭാവം. മോഹിനിയാട്ടം ആണുങ്ങൾ ചെയ്താൽ ശരിയാവില്ല എന്ന് അയാൾ രാമകൃഷ്ണനെ അധിക്ഷേപിക്കുകയും, കളിയാക്കുകയുമായിരുന്നു. അവസരം തരാൻ സാധ്യമല്ല എന്ന അയാളുടെ മറുപടികെട്ടു രാമകൃഷ്ണൻ ആദ്യം അവിടെ നിന്നും പടിയിറങ്ങുകയായിരുന്നു. തുടർന്നാണ് രാമകൃഷ്ണൻ കെ പി എ സി ലളിതയെ വിളിച്ചു കാര്യം പറയുന്നത്. ഞാൻ അങ്ങോട്ട് വരാമെന്നാണ് കെ പി എ സി ലളിത മറുപടി പറഞ്ഞത്. രാമകൃഷ്ണൻ അവർ വരുന്നതും കാത്തിരുന്നു. ഏകദേശം പത്തരമണിയോടെയാണ് രാമകൃഷ്ണൻ ഓഫിസിലെത്തുന്നത്. ഒന്നര, രണ്ടുമണിക്കാണ് അവർ എത്തുന്നത്. അവർ സെക്രട്ടറിയെ കാണാൻ പോയി. ഏകദേശം ഒന്നര രണ്ടുമണിക്കൂറോളം അവർ സംസാരിച്ചിട്ടുണ്ടാകും.
ആദ്യമൊക്കെ രാമകൃഷ്ണന് അനുകൂലമായി സംസാരിച്ചിരുന്ന അവർ മറ്റൊരു തരത്തിലാണ് പിന്നീട് സംസാരിച്ചത്. സാധാരണ നൃത്തം ചെയ്യാനായിട്ട് പെൺകുട്ടികളെ മാത്രമേ സമ്മതിക്കൂ എന്ന് സെക്രട്ടറി പറഞ്ഞതായി അവർ രാമകൃഷ്ണനോട് പറഞ്ഞു. ആൺകുട്ടികളെ അനുവദിക്കില്ല. രാമകൃഷ്ണനെ നൃത്തം ചെയ്യാൻ അനുവദിക്കില്ല. പ്രഭാഷണം തരാമെന്ന് പറഞ്ഞു.
അക്കാദമിയുടെ പരിപാടിയിൽ എന്നെ ഉൾപ്പെടുത്തുകയാണെങ്കിൽ അക്കാദമിക്ക് വിമർശനങ്ങൾ നേരിടേണ്ടിവരും. രാമകൃഷ്ണന് അവസരം തന്നാലുണ്ടാകുന്ന വിമർശനങ്ങൾ നേരിടാൻ അക്കാദമി അധ്യക്ഷ തയാറാണെങ്കിൽ അവസരം തരാമെന്ന് സെക്രട്ടറി പറഞ്ഞതായും അവർ രാമകൃഷ്ണനോട് പറയുകയുണ്ടായി. ‘അത് ചെയ്യണോ രാമകൃഷ്ണാ’ എന്നും കെ പി എ സി ലളിത രാമകൃഷ്ണനോട് ചോദിച്ചു. ‘അതുവേണ്ടാ’ എന്ന് അപ്പോൾ തന്നെ രാമകൃഷ്ണൻ മറുപടി നൽക്കുകയായിരുന്നു. ചേച്ചിക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പരിപാടി എനിക്ക് വേണ്ട എന്ന് പറഞ്ഞാണ് രാമകൃഷ്ണൻ അവിടെ നിന്നും മടങ്ങുന്നത്. വീട്ടിലെത്തിയ രാമകൃഷ്ണൻ തനിക്കുവേണ്ടി സംസാരിച്ചതിനുള്ള നന്ദി അറിയിക്കുന്നതിനൊപ്പം ഇക്കാര്യത്തിൽ പ്രതിഷേധമുണ്ട്’ എന്ന് പറഞ്ഞിട്ടാണ് ഫോൺ കട്ട് ചെയ്യുന്നത്.
പിന്നീട് ഫേസ്ബക്കിൽ ഇക്കാര്യം രാമകൃഷ്ണൻ രേഖപ്പെടുത്തിയപ്പോൾ ഒട്ടേറ പേർ ഐക്യദാർഢ്യവുമായി വരുകയായിരുന്നു. തുടർന്നാണ് രാമകൃഷ്ണൻ ആത്മഹത്യാശ്രമം നടത്തുന്നത്. കെ.പി.എ.സി ലളിതയുടേതായി ശേഷം പുറത്തിറങ്ങിയ പ്രസ്താവനയിൽ, രാമകൃഷ്ണനെ കണ്ടിട്ടില്ലെന്നും, അപേക്ഷ സമർപ്പിക്കാൻ പറഞ്ഞിട്ടില്ല, ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല, രാമകൃഷ്ണൻ പറയുന്നത് സത്യവിരുദ്ധമായ കാര്യങ്ങളാണ് എന്നൊക്കെയായിരുന്നു അതിന്‍റെ ഉള്ളടക്കം. വസ്തുതകൾക്ക് വിരുദ്ധമായ പ്രസ്താവനയാണ്പിന്നീട് ഉണ്ടായത്.
അക്കാദമിയുടെ ഓഫീസിൽ എത്തുമ്പോൾ അന്ന് സെക്രട്ടറിയെ കാണാൻ രാമകൃഷ്ണൻ ശ്രമിച്ചിരുന്നതാണ്. പക്ഷെ
സെക്രട്ടറിയെ കാണാൻ പോലും സമ്മതിച്ചില്ല. സെക്രട്ടറിയുടെ മുറിയിലേക്ക് കയറാൻ സമ്മതിച്ചില്ല. സെക്രട്ടറി ഊണുകഴിക്കാൻ പുറത്തിറങ്ങിയ സമയത്ത് മുമ്പിലേക്ക് എഴുന്നേറ്റുനിന്ന് രാമകൃഷ്ണൻ തൊഴുതപ്പോൾ അദ്ദേഹം കാണാത്ത മട്ടിൽ പോയി. കോവിഡ് കാരണം രാമകൃഷ്ണനെ കാണാൻ കൂട്ടാക്കിയില്ല എന്ന് പറയാനാവില്ല. ഇക്കാര്യത്തിൽ, ഇങ്ങനെ ഒരു അയിത്തജാതിക്കാരൻ വന്നതിനാലാകാണം കാണാതെ പോയതെന്നും, ലിംഗവിവേചനത്തേക്കാൾ ജാതിവിവേചനമാണ് ഇത് എന്നല്ലേ മനസ്സിലാക്കേണ്ടത്? എന്നും രാമകൃഷ്ണൻ പറയുന്നതിൽ എന്താണ് തെറ്റ്.

ഒരുപാട് കലാകാരന്മാർക്ക് വേദനയുണ്ടാക്കിയിട്ടുള്ള വ്യക്തിയാണ് സെക്രട്ടറി. ഇക്കാര്യത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്. മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇനി എനിക്ക് അവസരം ലഭിക്കുക എന്നതല്ല ആവശ്യം. ഇദ്ദേഹത്തെ പുറത്താക്കണം എന്നതാണ് ആവശ്യം. അന്വേഷണത്തിന് തീർച്ചയായും സമയം വേണം. അതിനുശേഷം പുറത്താക്കിയില്ലെങ്കിൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഡോ. ആർ എൽ വി രാമകൃഷ്ണൻ പറയുന്നു.