വഴി കെട്ടിയടച്ചു: റാന്നിയില്‍ ദളിത് കുടുംബങ്ങളെ വീട് വയ്ക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍
പത്തനംതിട്ട: റാന്നി മക്കപ്പുഴയില്‍ എട്ട് ദളിത് കുടുംബങ്ങളെ നാട്ടുകാര്‍ വീട് വയ്ക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പ്രവാസി മലയാളി വി.ടി. വര്‍ഗീസ് ബേബി സൗജന്യമായി നല്‍കിയ ഭൂമിയിലേക്കുള്ള വഴി പ്രദേശവാസികള്‍ കെട്ടിയടച്ചു. വീടില്ലാത്ത എട്ട് ദളിത് കുടുംബങ്ങള്‍ക്കാണ് വര്‍ഗീസ് ബേബി മൂന്ന് സെന്റ് വീതം സ്ഥലം നല്‍കിയത്. വിവിധ ഇടങ്ങളില്‍ നിന്നുള്ള ആളുകള്‍ സ്ഥലത്തെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനിരിക്കെയാണ് തര്‍ക്കങ്ങള്‍ തുടങ്ങിയത്.
പ്രദേശവാസികളായ ചിലര്‍ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ അധിക്ഷേപിച്ചെന്ന്് ആരോപണമുണ്ട്. എട്ട് പട്ടികവര്‍ഗ കുടുംബങ്ങള്‍ വന്നാല്‍ സ്ഥലം കോളനിയാകുമെന്നും താന്‍ പഞ്ചായത്ത് മെമ്പറാണേല്‍ ഇത് സമ്മതിക്കില്ലെന്നും മെബര്‍ പറഞ്ഞതായി പരാതിക്കാരിലൊരാളായ അന്നമ്മ ജോസഫ് പറഞ്ഞു. വര്‍ഗീസ് നല്‍കിയ ഭൂമിയോട് ചേര്‍ന്ന് പഞ്ചായത്ത് കിണറ്റിലേക്കുള്ള നടവഴിയുണ്ട്. ദളിത് കുടുംബങ്ങള്‍ക്ക് ഭൂമി കിട്ടിയതിന് പിന്നാലെ ഈ വഴി ഗേറ്റ് വച്ച് അടച്ചെന്നും പരാതിയുണ്ട്.
പലതവണ പഞ്ചായത്തിലും പോലിസിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാതെ വന്നപ്പോള്‍ സ്ഥലം നല്‍കിയ വര്‍ഗീസ് ബേബിയുടെ സഹായത്തോടെ പരാതിക്കാര്‍ എസ്‌സി എസ്ടി കമ്മീഷനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥലം സന്ദര്‍ശിച്ചു.
എന്നാല്‍ ഭൂമി നല്‍കിയ വര്‍ഗീസ് ബേബി സ്വകാര്യ വഴി പൊതുവഴിയാണെന്ന് പറഞ്ഞ് ദളിത് കുടുംബങ്ങളെ തെറ്റിധരിപ്പിച്ചെന്നും വഴിയെ ചൊല്ലിയുള്ള തര്‍ക്ക് മാത്രമാണ് നിലനില്‍ക്കുന്നതെന്നുമാണ് ആരോപണ വിധേയര്‍ പറയുന്നത്. തര്‍ക്കത്തിലുള്ളത് പൊതുവഴി അല്ലെന്നും മനപ്പൂര്‍വം വര്‍ഗീയത പരത്താനുള്ള നീക്കമാണെന്നുമാണ് ഇവരുടെ വിശദീകരണം.