keralaKerala News

റോഡ് പരിപാലനത്തിലെ വീഴ്ച; മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

റോഡ് പരിപാലനത്തിലെ ഗുരുതരമായ വീഴ്ചയെ തുടർന്നു മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ്.

കേരളത്തിലെ റോഡുകളുടെ സമയബന്ധിത പരിപാലനം ഉറപ്പാക്കാൻ സർക്കാർ നടപ്പിലാക്കിയ റണ്ണിംഗ് കോൺട്രാക്ട് പദ്ധതി വഴിയാണ് 21,000 കിലോമീറ്ററോളം റോഡുകൾ പരിപാലിച്ചു വരുന്നത്. കരാറുകാരെ നിശ്ചിതകാലത്തേക്ക് ചുമതലപ്പെടുത്തി, റോഡുകൾ ഗതാഗതയോഗ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

എന്നാൽ, ഈ വർഷത്തെ പരിശോധനയിൽ ചില ഇടങ്ങളിൽ പ്രവൃത്തികൾ നടപ്പാക്കുന്നതിൽ ഗുരുതരമായ അനാസ്ഥ കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. തുക അനുവദിച്ചിട്ടും സാങ്കേതിക അനുമതി നേടി ടെണ്ടറിംഗ് സമയബന്ധിതമായി ആരംഭിക്കാത്തത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഉപവിഭാഗത്തിലാണ് ശ്രദ്ധയിൽപ്പെട്ടത്.

പൊതുജനങ്ങളിൽ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനുശേഷം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മഞ്ചേരി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിന്തൽമണ്ണ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെക്‌ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

“റോഡ് പരിപാലനത്തിൽ വീഴ്ച അനുവദിക്കില്ല. പൊതുജനങ്ങൾക്കും ഇതിൽ പ്രധാന പങ്ക് വഹിക്കാം. റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയിൽ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന നീല ബോർഡിലെ നമ്പറിൽ വിളിച്ച് പരാതികൾ അറിയിക്കാം. ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ്” – മന്ത്രി വ്യക്തമാക്കി.

Tag: Road maintenance lapses; Three officials suspended in Malappuram district

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button