രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

വെഞ്ഞാറമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞിട്ടുള്ളത്. അക്രമികൾ സഞ്ചരിച്ചിരുന്ന കെ എൽ 21 കെ 4201 ബൈക്ക് തേംമ്പാംമൂട് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. അഞ്ചുപേരടങ്ങുന്ന സംഘമാണ് കൊല നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഡി.വൈ.എഫ്.ഐ കലിങ്ങിൻ മുഖം യൂനിറ്റ് പ്രസിഡൻ്റ് ഹഖ് മുഹമ്മദ് (24) തേവലക്കാട് യൂനിറ്റ് ജോയിൻറ് സെക്രട്ടറി മിഥിലാജ് ( 30 ) എന്നിവരാണ് ഞായറാഴ്ച അർധരാത്രി വെട്ടേറ്റ് കൊല്ലപ്പെട്ടത്. തേമ്പാംമൂട് മദപുരത്ത് വെച്ചാണ് സംഭവം നടക്കുന്നത്. ബൈക്കിൽ സഞ്ചരിച്ച ഇരുവരെയും തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന ഷഹിൻ നിസാര പരിക്കുകളോടെ ഓടി രക്ഷപ്പെട്ടു. പ്രദേശത്തെ സി.സി.ടി.വി കാമറകൾ എല്ലാം തല തിരിച്ചു വെച്ചിരിക്കുന്ന നിലയിലായിരുന്നു. കൊല ആസൂത്രിതമായി നടത്തിയതെന്നാണ് ഇത് സൂചന നൽകുന്നത്. സംഭവ സ്ഥലത്തിന് സമീപത്തെ കെട്ടിടങ്ങളിൽ ഉണ്ടായിരുന്ന കാമറകളാണ് തിരിച്ചു വെച്ചിരുന്നത്.
തേമ്പാംമൂട് മദപുരത്ത് രണ്ട് മാസം മുമ്പ് സി.പി.എം – കോൺഗ്രസ് സംഘർഷം നടന്നിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ വൈരാഗ്യം പലതവണ ഏറ്റുമുട്ടലുകളിൽ കലാശിച്ചിരുന്നു. അതിപ്പോൾ കൊലപാതകത്തിൽ കലാശിച്ചിരിക്കുകയാണ്. നെഞ്ചിൽ കുത്തേറ്റ മിഥ്ലാജ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപെട്ടു. ഒന്നിലേറെ തവണ വെട്ടേറ്റ ഹഖ് മുഹമ്മദ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ചാണ് മരണപ്പെടുന്നത്. മെയ് മാസത്തിൽ പ്രദേശത്ത് നടന്ന ആക്രമണത്തിന് പിന്നിലുള്ള സംഘം തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ട് ബൈക്കുകളിലായാണ് പ്രതികൾ എത്തുന്നത്. കസ്റ്റഡിയിലെടുത്ത ബൈക്ക് ഉടമയാണ് പൊലീസ് പിടിയിലായവരിൽ ഒരാൾ. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ തിരുവോണ നാളിൽ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ കോൺഗ്രസാണെന്നാണ് സി പി എം ആരോപിക്കുന്നത്.