
ലോകമെമ്പാടും ഉരുളക്കിഴങ്ങ് ചിപ്‌സുകളുടെ വിപണിയിൽ മുൻപന്തിയിൽ നിൽക്കുന്ന ലെയ്‌സ് ഇപ്പോൾ ഒരു വലിയ റീബ്രാൻഡിങ്ങിനൊരുങ്ങുകയാണ്. അടുത്തിടെ നടത്തിയ വിപണി പഠനങ്ങളും മാർക്കറ്റിങ് പരിശോധനകളുമാണ് ഈ തീരുമാനം എടുക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്.
ലെയ്‌സിന് ഇപ്പോൾ 200-ലധികം വ്യത്യസ്ത രുചികളിലുള്ള ചിപ്‌സുകൾ ഉണ്ട്. എന്നാൽ അതിലൊന്നിൽ മാത്രമാണ് ഉരുളക്കിഴങ്ങിന്റെ ചിത്രം പാക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മഞ്ഞയും ചുവപ്പും ചേർന്ന ലോഗോയാണ് ലെയ്‌സിന്റെ മുഖച്ഛായയായിട്ടുള്ളത്. എന്നാൽ ലെയ്‌സിന്റെ ചിപ്‌സ് ഉരുളക്കിഴങ്ങിൽ നിന്നാണ് ഉണ്ടാക്കുന്നത് എന്ന കാര്യം ഉപഭോക്താക്കളിൽ 42 ശതമാനം പേർക്ക് പോലും അറിയില്ല എന്ന് പഠനത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക്കറ്റുകളിൽ ഉരുളക്കിഴങ്ങിന്റെ ചിത്രം ഉൾപ്പെടുത്തിയും പുതിയ രൂപകൽപ്പനയിലൂടെയും കമ്പനി മുന്നോട്ട് പോകുന്നത്.
‘Rooted in Real’ (യാഥാർത്ഥ്യത്തിൽ വേരൂന്നിയത്) എന്ന പേരിലാണ് പുതിയ റീബ്രാൻഡിങ് ക്യാമ്പയിൻ. സംസ്‌കരിച്ച ഭക്ഷണങ്ങളേക്കുറിച്ചുള്ള ആഗോള ആശങ്കകളും പ്രതിഷേധങ്ങളും പരിഗണിച്ചാണ് ലെയ്‌സിന്റെ ഈ നീക്കം. തങ്ങളുടെ ഉൽപ്പന്നങ്ങൾ തദ്ദേശീയമായി കൃഷി ചെയ്യുന്ന ഉരുളക്കിഴങ്ങുകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നതെന്നും, അവ സുരക്ഷിതവും വിശ്വാസയോഗ്യവുമാണെന്നും ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
2024-ൽ കമ്പനി നേരിട്ട 5 ശതമാനം ലാഭ ഇടിവിൽ നിന്ന് മുക്തി നേടാൻ പുതിയ ഈ മാറ്റം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോഗോ മുതൽ പാക്കേജിംഗ് വരെ അടിമുടിയുള്ള മാറ്റമാണ് പദ്ധതിയിലുള്ളത്. “ലെയ്‌സിന്റെ യഥാർത്ഥ ചിപ്‌സുകൾ ഉത്പാദിപ്പിക്കുന്ന 30 ലക്ഷത്തോളം കർഷകർ ആണ് ഈ മാറ്റത്തിന് പ്രചോദനമായത്,” എന്ന് പെപ്‌സികോയുടെ ചീഫ് മാർക്കറ്റിങ് ഓഫീസർ ജോണി കാഹിൽ വ്യക്തമാക്കി.
അതേസമയം, ഗാസയിൽ നടക്കുന്ന യുദ്ധത്തിലും ഇസ്രയേലിന് നൽകിയ പിന്തുണയിലും പെപ്‌സികോയും ലെയ്‌സും പങ്കാളികളാണെന്ന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന്, ഈ കമ്പനികൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ബഹിഷ്കരണത്തിന്റെ ലക്ഷ്യമായിട്ടുണ്ട്.
Tag: Rooted in Real; ‘Lays’ set for rebranding