തന്നെ സഹായിച്ചത് ആര്‍എസ്എസും അമിത് ഷായും: ദിഗ്‌വിജയ് സിംഗ്
ഭോപ്പാല്‍: ആര്‍എസ്എസിന്റെ നിതാന്തവിമര്‍ശകനായ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ് അമിത് ഷായെയും ആര്‍എസ്എസിനെയും പുകഴ്ത്തി രംഗത്ത്. ആര്‍എസ്എസിനെയും പരിവാര്‍ പ്രസ്ഥാനങ്ങളെയും അവസരം കിട്ടുമ്പോഴെല്ലാം വിമര്‍ശിക്കുന്ന ദിഗ്‌വിജയ് സിംഗ് തനിക്ക് കിട്ടിയ സഹായത്തിന് നന്ദി പറയുകയാണ്. നാലുവര്‍ഷം മുന്‍പ് നടത്തിയ നര്‍മദ പരിക്രമ യാത്രയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്നും അമിത് ഷായില്‍ നിന്നും തനിക്ക് ലഭിച്ച സഹായങ്ങളെക്കുറിച്ചാണ് ദിഗ്‌വിജയ് സിംഗ് വാചാലനാവുന്നത്.
ദിഗ്വിജയ് സിംഗും അദ്ദേഹത്തിന്റെ ഭാര്യ അമൃതയും ചേര്‍ന്ന് 2017 ല്‍ നര്‍മദ നദീതീരത്ത് കൂടെ പരിക്രമയാത്ര നടത്തിയിരുന്നു. യാത്രയ്ക്കിടയില്‍ ഗുജറാത്തിലെ ലക്ഷ്യസ്ഥാനത്ത് എത്തിയത് രാത്രി പത്ത് മണിയോടെയാണ്. മുന്നില്‍ വനമായതിനാല്‍ രാത്രിയുള്ള യാത്ര പ്രയാസകരമായിരുന്നു. അവിടെ താമസിക്കാനും സൗകര്യമുണ്ടായിരുന്നില്ല. അപ്പോള്‍ സഹായവുമായി ഒരു ഫോറസ്റ്റ് ഓഫീസര്‍ അവിടെയെത്തി. അദ്ദേഹത്തോട് അവിടെ എത്തിയതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ‘അമിത് ഷാ നിങ്ങളെ സഹായിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്’ എന്ന് ആ ഓഫീസര്‍ ദിഗ്‌വിജയ് സിംഗിനെ അറിയിച്ചു.
ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായിരുന്നു അത്. താനാണെങ്കില്‍ ബിജെപിയുടെ കടുത്ത വിമര്‍ശകനും. എന്നാല്‍ യാത്രയില്‍ തങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്ന് അമിത് ഷാ ഉറപ്പുവരുത്തി. മലനിരകളിലൂടെ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് വഴിയൊരുക്കി തന്നു. രാത്രി നേരത്ത് ഭക്ഷണമെത്തിച്ചു തന്നു. ‘ഇന്ന് വരെ ഞാന്‍ അമിത് ഷായെ കണ്ടിട്ടില്ല. എന്നാല്‍ ഉചിതമായ രീതിയില്‍ അദ്ദേഹത്തോട് നന്ദി പ്രകടിപ്പിച്ചു.’ ദിഗ്വിജയ് സിംഗ് പറഞ്ഞു. ആ യാത്രയ്ക്കിടെ ആര്‍എസ്എസ് പ്രവര്‍ത്തകരെയും താന്‍ കണ്ടുമുട്ടാനിടയായി. എന്തിനാണ് ഇത്രയധികം കഷ്ടപ്പെട്ട് സഹായം ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ എല്ലാം അമിത് ഷായുടെ നിര്‍ദേശപ്രകാരമാണെന്നാണ് അവര്‍ മറുപടി നല്‍കിയത്.
ബറൂച്ചിലൂടെ യാത്ര ചെയ്യുമ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് മഞ്ചി സമാജ് ധര്‍മ്മശാലയില്‍ താമസിക്കാനുള്ള സൗകര്യമൊരുക്കി. ആ ഹാളിലെ ചുവരുകളില്‍ ആര്‍എസ്എസ് നേതാക്കളായ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെയും മാധവറാവു സദാശിവറാവു ഗോള്‍വാള്‍ക്കറുടെയും ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. മതവും രാഷ്ട്രീയവും വ്യത്യസ്തമാണെന്നും തന്റെ തീര്‍ഥാടനകാലത്ത് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും ദിഗ്വിജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.
ഒരു യുവമോര്‍ച്ച പ്രവര്‍ത്തകനും മൂന്ന് ബിജെപി നേതാക്കളും അന്നത്തെ യാത്രയ്ക്കൊപ്പം തന്നോട് കൂടെ ഉണ്ടായിരുന്നു. ഇന്നും അവരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ദിഗ്വിജയ് സിംഗ് വ്യക്തമാക്കി. ഒ.പി. ശര്‍മയുടെ ‘നര്‍മദ കേ പഥിക്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് അദ്ദേഹം ആര്‍എസ്എസിനെക്കുറിച്ചും അമിത് ഷായെക്കുറിച്ചും വാചാലനായത്.