ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മാഗാന്ധിയെ പ്രശംസിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മാഗാന്ധിയെ പ്രശംസിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജിയുടെ സംഭാവനകൾ അതുല്യമാണെന്നും, അടിച്ചമർത്തലും അനീതിയും നേരിടുന്ന സമൂഹത്തിന് സംരക്ഷകനായിരുന്നു മഹാത്മാഗാന്ധിയെന്നും അദ്ദേഹം വ്യക്തമാക്കി. വിജയദശമി ദിനത്തിൽ ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിലായിരുന്നു ഭാഗവത്തിന്റെ പ്രസംഗം.
രാജ്യത്തിന്റെ സ്വാതന്ത്ര്യാനന്തര യാത്രയെ നിർണ്ണയിക്കുന്നതിൽ ഗാന്ധിജിയുടെ ആശയങ്ങളാണ് ഏറ്റവും പ്രധാനം എന്ന് ഭാഗവത് ചൂണ്ടിക്കാട്ടി. ഗാന്ധിവധത്തെത്തുടർന്ന് ഒരിക്കൽ നിരോധനം നേരിട്ട സംഘടനയുടെ തലവനായാണ് ഇത്തരത്തിലുള്ള പരാമർശം വരുന്നത് എന്നതിനാൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
നേപ്പാളിലെ പ്രക്ഷോഭത്തെക്കുറിച്ചും ഭാഗവത് പ്രതികരിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങളെ അവഗണിക്കുമ്പോഴാണ് ജനകീയ പ്രതിഷേധങ്ങൾ ഉണ്ടാകുന്നതെന്നും, എന്നാൽ ഇതുവരെ ഒരു വിപ്ലവവും സ്ഥിരമായ ഫലം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ നടന്ന രാജ്യങ്ങൾ പോലും ഇന്ന് മുതലാളിത്ത സംവിധാനത്തിലേക്കാണ് വഴിമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതവിഭാഗങ്ങളെ പ്രകോപിപ്പിക്കരുതെന്നും, നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ ശക്തി എന്നും, “ഞങ്ങൾ-നിങ്ങൾ” എന്ന മനോഭാവം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
തീരുവ യുദ്ധവുമായി ബന്ധപ്പെട്ടും ഭാഗവത് പ്രതികരിച്ചു. രാജ്യത്തിന് വിജയിക്കാനാകണമെങ്കിൽ സ്വയം പര്യാപ്തത വേണമെന്നും, ലോകരാജ്യങ്ങളെ ആശ്രയിച്ച് മാത്രം മുന്നോട്ടുപോകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തവണത്തെ വിജയദശമി റാലിയിൽ മുഖ്യാതിഥിയായി പങ്കെടുത്തത് മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ആയിരുന്നു.
Tag: RSS chief Mohan Bhagwat praises Mahatma Gandhi on Gandhi Jayanti