ആർ.ടി.ഒ യുടെ മൊഴി തുണയായി, കൈക്കൂലി കേസിൽ തച്ചങ്കരിക്ക് ക്ലീൻചിറ്റ് ആയി.

കൈക്കൂലി കേസിൽ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് വിജിലൻസിന്റെ ക്ലീൻചിറ്റ്. തച്ചങ്കരിക്കെതിരെ തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് നൽകി. ഗതാഗത കമ്മീഷണറായിരിക്കെ പാലക്കാട് ആര്‍.ടി.ഒയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്.
തച്ചങ്കരി പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. എന്നാൽ ആരോപണം തെളിയിക്കാനുള്ള തെളിവുകളില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നു പറയുന്ന റിപ്പോർട്ടിൽ വകുപ്പു തല അന്വേഷണത്തിന് ശുപാർശയുണ്ട്. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയിരിക്കെയാണ് തച്ചങ്കരിക്കെതിരെ കേസെടുക്കാൻ നിർദേശം നൽകുന്നത്.മുഹമ്മദ് യാസിൻ ഐ.പി.എസ് വിരമിച്ചതിന് ശേഷം ഡി.ജി.പിയായി പ്രമോഷൻ ലഭിച്ച തച്ചങ്കരി നിലവിൽ ലോക്നാഥ് ബെഹ്റ കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. സംഭാഷണം താൻ റിക്കോർഡ് ചെയ്തിട്ടില്ലെന്നാണ് ഇപ്പോൾ പാലക്കാട് ആർ.ടി.ഒയായിരുന്ന ശരവണൻ നൽകിയിരുന്ന മൊഴി. തച്ചങ്കരിയെ വിളിച്ച ഫോണും അന്വേഷണ സംഘത്തിന് കണ്ടെയ്‌ത്താനായിട്ടില്ലെന്നാണ് പറയുന്നത്. തുടർന്നാണ് തെളിവുകളില്ലെന്ന് അന്വേഷണം നടത്തിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.