ഇന്ത്യയ്ക്ക് വമ്പൻ ഓഫറുമായി റഷ്യ; ക്രൂഡ് ഓയിൽ വിലയിൽ ബാരലിന് നാല് ഡോളർ വരെ കുറവ് നൽകും

ഷാങ്ഹായ് ഉച്ചകോടിക്ക് പിന്നാലെ ഇന്ത്യയ്ക്ക് വമ്പൻ ഓഫറുമായി റഷ്യ മുന്നോട്ട് വന്നു. ക്രൂഡ് ഓയിൽ വിലയിൽ ബാരലിന് നാല് ഡോളർ വരെ കുറവ് നൽകാൻ റഷ്യ തീരുമാനിച്ചു. ഈ മാസം ഇന്ത്യ പ്രതിദിനം മൂന്ന് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ആഴ്ച റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിനുള്ള പിഴയായി അമേരിക്ക ഇന്ത്യയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഇതിന് മറുപടിയായാണ് റഷ്യയുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള എണ്ണവിപണനത്തിലൂടെ ലഭിക്കുന്ന വരുമാനമാണ് യുക്രെയ്ൻ യുദ്ധത്തിന് റഷ്യ വിനിയോഗിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചിരുന്നു. ചൈനയിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിയിൽ റഷ്യയുമായുള്ള ഇന്ത്യയുടെ പ്രത്യേക ബന്ധത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം ചൂണ്ടിക്കാട്ടി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായും മോദി കൂടിക്കാഴ്ച നടത്തി.
അതേസമയം, തീരുവ വിഷയത്തിൽ ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. റഷ്യയെയും ചൈനയെയും അപേക്ഷിച്ച് ഇന്ത്യ യുഎസിനോട് കൂടുതൽ അടുപ്പമുള്ള ജനാധിപത്യ രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബെസന്റ്, “ഇപ്പോൾ ന്യൂഡൽഹിക്കും വാഷിംഗ്ടണിനും തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാനാണ് വേണ്ടത്,” എന്നും വ്യക്തമാക്കി.
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ അദ്ദേഹം കടുത്ത വിമർശനവിധേയമാക്കി. കൂടാതെ, ഇന്ത്യൻ പ്രധാനമന്ത്രി പുടിനുമായും ഷി ജിൻപിങുമായും നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു. ഷാങ്ഹായ് ഉച്ചകോടിയിൽ നടന്ന ചർച്ചകൾ വെറും പ്രകടനാത്മകമാണെന്ന് വിശേഷിപ്പിച്ച ബെസന്റ്, ഇന്ത്യയും യുഎസും ലോകത്തെ രണ്ടുപ്രധാന രാഷ്ട്രങ്ങളെന്ന നിലയിൽ എത്രയും വേഗം അഭിപ്രായവ്യത്യാസങ്ങൾ തീർത്ത് ശക്തമായ സഹകരണം രൂപപ്പെടുത്തണം എന്നും വ്യക്തമാക്കി.
Tag: Russia makes a big offer to India; Will reduce crude oil prices by up to $4 per barrel