”അലാസ്‌കയിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയ്ക്ക് ശേഷവും റഷ്യ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും”; ട്രംപ്
വെള്ളിയാഴ്ച നടക്കുന്ന ഉച്ചകോടിക്കു ശേഷവും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സമ്മതിക്കാത്ത പക്ഷം, റഷ്യ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച അലാസ്‌കയിൽ നടക്കുന്ന ട്രംപ്– പുടിൻ ഉച്ചകോടിയിൽ യുക്രെയ്ൻ– റഷ്യ യുദ്ധം അവസാനിപ്പിക്കാൻ നിർണായക തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്ട്ര സമൂഹം. ഇതിനിടെയാണ് ട്രംപ്, റഷ്യയ്ക്ക് അന്ത്യശാസനവുമായി രംഗത്തെത്തിയത്.
ഉച്ചകോടിക്ക് മുന്നോടിയായി യൂറോപ്യൻ രാജ്യങ്ങളുടെ വെർച്വൽ യോഗത്തിൽ പങ്കെടുത്ത ട്രംപ്, യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാനും അമേരിക്ക ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിവരിച്ചതുപോലെ, അമേരിക്കയുടെ നിലപാട് വ്യക്തമായും റഷ്യയ്ക്കു മുന്നറിയിപ്പായുമായിരുന്നു.
വെർച്വൽ യോഗത്തിൽ പങ്കെടുത്ത യുക്രെയ്ൻ പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്കിയും ആദ്യം വെടിനിർത്തൽ വേണമെന്ന നിലപാട് ആവർത്തിച്ചു. റഷ്യ യുക്രെയ്ൻ പ്രദേശങ്ങൾ കൈക്കലാക്കാനുള്ള സമ്മർദ്ദം ചെലുത്തുന്നുവെന്നും വെടിനിർത്തലിന് തയ്യാറാകാത്ത പക്ഷം ഉപരോധം ശക്തമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ചില പ്രദേശങ്ങൾ വിട്ടുകൊടുക്കേണ്ടി വരുമെന്ന സൂചനയെ യൂറോപ്യൻ സഖ്യകക്ഷികൾ ആശങ്കയോടെയാണ് കാണുന്നത്.
റഷ്യ ഉപരോധങ്ങളുടെ സ്വാധീനം കുറഞ്ഞതായി അവകാശപ്പെടുന്നുവെങ്കിലും, അവ രാജ്യത്തിന്റെ വിവിധ മേഖലകളെയും ബാധിക്കുന്നുണ്ടെന്ന് സെലൻസ്കി ചൂണ്ടിക്കാട്ടി. “ആദ്യം വെടിനിർത്തൽ, തുടർന്ന് സമാധാന കരാർ” എന്ന നിലപാടാണ് അദ്ദേഹം ചർച്ചയിൽ മുന്നോട്ടുവച്ചത്. ട്രംപ് ഈ സമീപനത്തിന് പിന്തുണ നൽകിയതായും സെലൻസ്കി യോഗത്തിന് ശേഷം വ്യക്തമാക്കി.
Tag: ‘Russia will face serious consequences if it does not end the war even after the upcoming summit in Alaska’: Trump