Kerala NewsLatest News

പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം നടത്തിയാല്‍… ഇനി എട്ടിന്റെ പണി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം നടത്തിയാല്‍ വേദികള്‍ അടച്ചു പൂട്ടുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ശൈശവ വിവാഹം തടയുകയെന്നതിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. 21 വയസില്‍ താഴെയുള്ള പുരുഷന്‍മാരുടെയും 18 തികയാത്ത പെണ്‍കുട്ടികളുടെയും വിവാഹം നടത്തുന്ന വേദികളുടെ ലൈസന്‍സ് റദ്ദാക്കുകയും മറ്റ് മേല്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് അറിയിച്ചത്.

ഓഡിറ്റോറിയങ്ങള്‍, വിവാഹ മണ്ഡപങ്ങള്‍, മറ്റു ഹാളുകള്‍ തുടങ്ങിയ വേദികളില്‍ ശൈശവ വിവാഹം നടന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പഞ്ചായത്തീ രാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവയുടെ ലംഘനമായി കണക്കാക്കി ലൈസന്‍സ് റദ്ദാക്കണമെന്നാണ് കമ്മിഷന്റെ നിര്‍ദേശം. വിവാഹം നടത്തുന്നതിന് മുമ്പ് ഓഡിറ്റോറിയങ്ങളുടെ അധികൃതര്‍ വിവാഹം ബുക്ക് ചെയ്യാനെത്തുന്നവരോട് വധുവിന്റെയും വരന്റെയും പ്രായം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെടണമെന്നും ഇവ വാങ്ങി സൂക്ഷിക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

വിവാഹത്തിനു ശേഷം പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുന്നതിനെക്കാള്‍ നടക്കുന്നതിന് മുമ്പു തന്നെ അവ നിയമാനുസൃതമായി തടയാനാണ് ഈ തീരുമാനം. മറ്റു നിയമനടപടികളും സ്വീകരിക്കാന്‍ ആലോചന നടക്കുന്നുണ്ട്. ശൈശവ വിവാഹം തടയുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ തീരുമാനവും. അതേസമയം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും അനീതിയും അനുദിനം വര്‍ധിച്ചുവരികയാണ്. ഇത് തടയുന്നതിനും് ശക്തി കൂട്ടുന്നതിനുമായാണ്് വനിത ശിശുവികസന വകുപ്പ് ‘കനല്‍’ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്്.

ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം നേരിടുന്ന സ്ത്രീകളെ അവ ചെറുക്കുന്നതിനായി ശാക്തീകരിക്കുക, സ്ത്രീ സുരക്ഷയ്ക്കായി നിലവിലുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക, കലാലയങ്ങള്‍ കേന്ദ്രീകരിച്ച് ജെന്‍ഡര്‍ അവബാധ പരിപാടികള്‍ സംഘടിപ്പിക്കുക, സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, എന്നിവയാണ് ഇതിലൂടെ നടപ്പിലാക്കി വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button