പുതിയ എസ്റ്റിമേറ്റുമായി ശബരി റെയില്‍പാത
കൊച്ചി: കേരളത്തിന്റെ വികസനത്തിന് വന്‍ കുതിപ്പേകുന്ന അങ്കമാലി- ശബരി റെയില്‍പാതയ്ക്ക് പുതിയ എസ്റ്റിമേറ്റ് തയാറാക്കുന്നു. 22 വര്‍ഷം മുമ്പ് വിഭാവനം ചെയ്ത ശബരി പാതയ്ക്ക് അന്നത്തെ എസ്റ്റിമേറ്റ് തുക 517 കോടി രൂപയായിരുന്നു. ഇന്നത് 2815 കോടിയായി ഉയര്‍ന്നിരിക്കുന്നു. ഇതിന്റെ പകുതി തുകയായ 1407 കോടി സംസ്ഥാനം വഹിക്കാമെന്ന ഉറപ്പിലാണ് നിര്‍ജീവമായി കിടന്നരുന്ന ശബരി റെയിലിന് പുനര്‍ജീവന്‍ ലഭിച്ചിരിക്കുന്നത്.
എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലൂടെയാണ് റെയില്‍വേ ലൈന്‍ കടന്നുപോകുന്നത്. ഭാവിയില്‍ പുനലൂരില്‍ ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. 111 കിലോമീറ്റര്‍ നീളമുള്ള റെയില്‍പാത അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. എസ്റ്റിമേറ്റ് പുതുക്കുന്നതിനോടനുബന്ധിച്ച് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ- റെയില്‍) ആകാശ സര്‍വെ നടത്തും.
ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്റുകള്‍ സ്ഥാപിച്ചാണ് ജനജീവിതത്തെ ബാധിക്കാതെ ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേഞ്ചിങ് (ലിഡാര്‍) സിസ്റ്റം ഉപയോഗിച്ചാണു സര്‍വെ നടത്തുക. സര്‍വെക്കായി വിമാനത്തിനുള്ള റഫറന്‍സ് പോയിന്റുകള്‍ എന്ന നിലയിലാണ് ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്റുകള്‍ സ്ഥാപിക്കുക.
പാതയ്ക്ക് ദക്ഷിണ റെയില്‍വേയും ജില്ല കലക്ടറും ചേര്‍ന്ന് അംഗീകരിച്ച അലൈന്‍മെന്റിലാണ് ലിഡാര്‍ സര്‍വെ നടത്തുന്നത്. അലൈന്‍മെന്റുമായി ബന്ധപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തേ തീര്‍പ്പ് കല്‍പ്പിച്ചതാണ്. ഇതേ തുടര്‍ന്നാണ് പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കാന്‍ കെ-റെയിലിനെ റെയില്‍വേ ബോര്‍ഡ് ചുമതലപ്പെടുത്തിയത്.