ബംഗാളിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം
കൊൽക്കത്ത: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരിലെ പഞ്ച്ഗുഡിയിലാണ് സംഭവം. ബിജെപി- തൃണമൂൽ സംഘർഷമുണ്ടായ മേഖലയിൽ സന്ദർശനം നടത്താൻ പോകവെയാണ് വാഹനവ്യൂഹത്തിന് നേരേ ആൾക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട സ്ഥലം സന്ദർശിക്കുന്നതിനായി പോവുന്നതിനിടെയായിരുന്നു മുരളീധരന്റെ വാഹനത്തിനു നേരേ ആക്രമണമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വി മുരളീധരൻ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.
വടികളും കല്ലുകളുമായി ജനക്കൂട്ടം വാഹനത്തിനു നേരെ പാഞ്ഞടുക്കുന്നതും ആക്രമിക്കുന്നതും വീഡിയോയിൽ കാണാം. മുരളീധരൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. അകമ്പടി സേവിച്ചിരുന്ന പോലിസ് വാഹനത്തിനുനേരെയും ആക്രമണമുണ്ടായി. തന്റെ ഡ്രൈവർക്ക് ആക്രമണത്തിൽ പരിക്കേറ്റതായി വി മുരളീധരൻ പറഞ്ഞു. തൃണമൂൽ ഗുണ്ടകളാണ് അക്രമം അഴിച്ചുവിട്ടത്. കാറിന്റെ ചില്ല് അവർ അടിച്ചുതകർത്തു. പോലിസ് സാന്നിധ്യത്തിലാണ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം നടന്നതെന്നും മുരളീധരൻ ആരോപിച്ചു.