ശബരിമല സ്വർണക്കാെള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തായ അനന്ത സുബ്രഹ്മണ്യത്തെ എസ്ഐടി കസ്റ്റഡിയിലെടുത്തു

ശബരിമല സ്വർണക്കാെള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തായ അനന്ത സുബ്രഹ്മണ്യത്തെ എസ്ഐടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇന്ന് രാവിലെ ഇയാളെ അന്വേഷണ സംഘം ഇഞ്ചക്കലിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
2019-ൽ സന്നിധാനത്തുനിന്ന് മാറ്റിയ ദ്വാരപാലക പാളികൾ ആദ്യം ബംഗളൂരുവിലേക്കും പിന്നീട് ഹൈദരാബാദിലേക്കും എത്തിച്ചത് അനന്ത സുബ്രഹ്മണ്യനാണ് എന്ന് അന്വേഷണം വ്യക്തമാക്കുന്നു. ഹൈദരാബാദിൽ വെച്ച് പാളികൾ നാഗേഷിന് കൈമാറിയതും, ദേവസ്വം രജിസ്റ്ററിൽ ഒപ്പിട്ടതും ഇയാളാണെന്ന് വിജിലൻസ് മുമ്പ് കോടതിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകൾ ശക്തമാണെന്നും സൂചനയുണ്ട്. ഇപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
ദ്വാരപാലക പാളികൾ വിവിധ സ്ഥലങ്ങളിൽ പ്രദർശനത്തിനായി എത്തിച്ച്, പിന്നീട് ഹൈദരാബാദിൽ നാഗേഷിന് കൈമാറിയതും അനന്ത സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം ബോർഡിലെ ജീവനക്കാരുള്‍പ്പെടെ ഏകദേശം 15 പേരുടെ പേരുകളാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിന് നൽകിയിട്ടുള്ളത്, അവരിൽ ഒരാളാണ് അനന്ത സുബ്രഹ്മണ്യൻ. കേസിന്റെ പ്രാഥമിക റിപ്പോർട്ട് നാളെയാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കുക.
Tag: Sabarimala gold case; SIT takes custody of Unnikrishnan Potty’s friend Anantha Subramaniam