ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തു

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ അന്വേഷണ സംഘം പിടിച്ചെടുത്തു. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും സ്വർണവും, കൂടാതെ പോറ്റിയുടെ ഹാർഡ് ഡിസ്കും സംഘം കസ്റ്റഡിയിലെടുത്തു. ഏകദേശം പത്ത് മണിക്കൂറോളം നീണ്ടുനിന്നതാണ് പരിശോധന.
അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് തുടരുമെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം കിളിമാനൂരിലുള്ള പോറ്റിയുടെ വീട്ടിൽ തന്നെയായിരിക്കും ഇന്നത്തെ തെളിവെടുപ്പ് ആരംഭിക്കുക. തട്ടിയെടുത്ത സ്വർണ്ണത്തിന്റെ സ്ഥിതിയെക്കുറിച്ച് ഉണ്ണികൃഷ്ണൻ പോറ്റി ഇതുവരെ വ്യക്തത നൽകിയിട്ടില്ല. അതേസമയം, മുരാരി ബാബു ഉൾപ്പെടെ ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാൻ സംഘം ഇന്ന് തയ്യാറെടുക്കുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നോട്ടീസ് നൽകി കഴിഞ്ഞു.
വിശ്വാസ വഞ്ചന നടത്തി ശബരിമലയിൽ നിന്നു രണ്ടു കിലോ സ്വർണം കവർച്ച ചെയ്തതായാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ തട്ടിയെടുത്ത സ്വർണം എവിടെ പോയി എന്നതിൽ വ്യക്തത ഇതുവരെ ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ചാണ് എസ്ഐടി ഇപ്പോൾ വിശദമായ അന്വേഷണം നടത്തുന്നത്. ഇന്നലെ വൈകുന്നേരം മുതൽ നടന്ന ചോദ്യം ചെയ്യലിൽ ഹൈദരാബാദ് കേന്ദ്രീകരിച്ച ചോദ്യങ്ങൾക്ക് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമായ മറുപടി നൽകാത്തതായാണ് വിവരം.
2019-ൽ സന്നിധാനത്തിൽ നിന്നും കൊണ്ടുപോയ സ്വർണ്ണപ്പാളികൾ ആദ്യം ബംഗളൂരുവിലേക്കും തുടർന്ന് ഹൈദരാബാദിലേക്കുമാണ് മാറ്റിയത്. അവിടെ 39 ദിവസത്തേക്ക് സൂക്ഷിച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ‘പൂജയ്ക്കായി കൊണ്ടുപോയി’ എന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി എസ്ഐടി സംഘം വിശ്വസിച്ചിട്ടില്ല. സ്വർണ്ണപ്പാളികൾ ഹൈദരാബാദിൽ സ്വീകരിച്ചത് നാഗേഷ് എന്നയാളാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിട്ടുണ്ട്. നാഗേഷിനെ കണ്ടെത്തി ഉടൻ ചോദ്യം ചെയ്യുമെന്ന് എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.
Tag: Sabarimala gold heist; Crucial documents seized during search at Unnikrishnan Potty’s house