Latest NewsLaw,NewsPolitics

ശബരിമല സ്വർണക്കൊള്ള; കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ 30 വർഷത്തെ ഇടപാടുകൾ അന്വേഷിക്കണമെന്നാണ് ആവശ്യം

Rajeev Chandrasekhar Elected BJP Kerala President: A New Chapter for ...

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയിലെ 30 വർഷത്തെ ഇടപാടുകൾ അന്വേഷിക്കണമെന്നാണ് ആവശ്യം. ഇതുവരെ പുറത്ത് വന്ന അന്വേഷണ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും വിശ്വാസികൾക്ക് ആത്മവിശ്വാസം ഉറപ്പാക്കാൻ ശക്തമായ അന്വേഷണം വേണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് അധികൃതരുടെ പങ്കും ഗൂഢാലോചനയും അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയതിൽ നിലവിലെ ദേവസ്വം ബോർഡിനെതിരെടയക്കം രൂക്ഷമായ വിമർശനങ്ങളാണ് ഹൈക്കോടതി നടത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് വീണ്ടും ദ്വാരപാലക ശിൽപങ്ങൾ നൽകിയത് 2019 ലെ സ്വർണക്കൊള്ള മറച്ചുവെക്കാനാണോയെന്ന് എസ്ഐടി അന്വേഷിക്കണം. തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്‍റെ മിനുട്സ് ബുക്ക് പിടിച്ചെടുത്ത് സൂക്ഷിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

2019 ൽ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയതു മുതലുള്ള ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ഇടക്കാല ഉത്തരവിലെ ഹൈക്കോടതി നിർദേശം. ദ്വാരപാലക ശിൽപങ്ങളുടെ പാളികൾ സ്വർണം പൊതിഞ്ഞതാണെന്നറിഞ്ഞിട്ടും ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകി. തിരിച്ചെത്തിയപ്പോഴാകട്ടെ തൂക്കം രേഖപ്പെടുത്തിയതുമില്ല. സന്നിധാനത്ത് നിന്ന് കൊണ്ടുപോയ പാളികൾ തന്നെയാണോ തിരിച്ചെത്തിയതെന്ന് സംശയമുണ്ട്. പാളികൾ തിരികെ ഘടിപ്പിക്കുമ്പോൾ തൂക്കം നോക്കാത്തതിലും മഹസറിൽ രേഖപ്പെടുത്താതിലും ഉന്നത ദേവസ്വം അധികൃതർക്ക് ഉത്തരവാദിത്തമുണ്ട്. 2021 ൽ പീഠം തിരികെ കൊണ്ടുവന്നപ്പോൾ അവ തിരുവാഭരണം രജിസ്റ്ററിൽ രേഖപ്പെടുത്താത്തത് യാദൃശ്ചികമല്ല. 40 കൊല്ലം വാറന്‍റിയുണ്ടെന്ന് പറഞ്ഞ ഗോൾഡ് പ്ലേറ്റിങ്ങിൽ 2024 ൽ മങ്ങൽ കണ്ടെത്തിയിരുന്നു. അത് വീണ്ടും സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ ദേവസ്വം ബോർഡ് ഏൽപിച്ചത് 2019 ലെ ക്രമക്കേട് മറയ്ക്കാനാണോയെന്ന് സംശയിക്കണമെന്നും കോടതി നിരീക്ഷിച്ചു. സ്മാർട് ക്രിയേഷൻസിന് സ്വർണം പൂശുന്നതിൽ വൈദഗ്ധ്യമില്ലെന്നും പരമ്പരാഗത രീതിയിൽ ചെയ്യാമെന്നും 2025 ൽ നിലപാടെടുത്ത ദേവസ്വം കമ്മീഷണർ എട്ടു ദിവസത്തിനു ശേഷം നിലപാട് മാറ്റി. സ്വര്‍ണം പൂശുന്ന ജോലികൾ വേഗത്തിലാക്കണമെന്ന ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്തിന്‍റെ നിർദേശത്തെത്തുടർന്നായിരുന്നു ഇത്. തുടർന്ന് ദ്വാരപാലക ശിൽപങ്ങളും താങ്ങുപീഠവും പോറ്റിയെ ഏൽപ്പിക്കുകയും ചെയ്തു. ഇതും അന്വേഷിക്കണം. കേസിന്‍റെ ഗൗരവസ്വഭാവം പരിഗണിച്ച് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മിനുട്സ് ബുക്ക് പിടിച്ചെടുത്ത് സൂക്ഷിക്കാൻ എസ്ഐടിക്ക് നിർദേശം നൽകി. ദേവസ്വം ബോർഡ് അധികൃതരുടെയും മുകളിൽ നിന്ന് താഴേക്കുള്ള മുഴുവൻ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചു.

tag: Sabarimala gold heist; Rajeev Chandrashekhar writes to the Union Home Minister about investigation by central agencies

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button